ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ വസതിയിലേക്ക് സിബിഐ സംഘമെത്തി. ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റ് ഭീഷണിയുടെ നിഴലിലാണ് ചിദംബരം. കുറച്ച് സമയം അവിടെ തങ്ങിയ ശേഷം അന്വേഷണ സംഘം മടങ്ങി. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതു വകവെയ്ക്കാതെ മൂന്നാം തവണയും ഡൽഹിയിലുള്ള ചിദംബരത്തിന്റെ വീട്ടിലേക്ക് സിബിഐ സംഘം എത്തിയത്.
ഐഎൻഎക്സ് മീഡിയ കേസിൽ രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തി നോട്ടീസ് പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ അർഷദീപ് ഖുഖാന സിബിഐ ഡയറക്ടർക്ക് കത്ത് നൽകിയത്.
ചിദംബരത്തിന്റെ ഡൽഹിയിലെ വീട്ടിൽ ഇന്നലെ വൈകീട്ടാണ് ആദ്യം ആറംഗ സിബിഐ സംഘവും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും എത്തിയത്. എന്നാൽ ചിദംബരം വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് മടങ്ങി പോയ സിബിഐ സംഘം വീണ്ടും വീട്ടിലെത്തി നോട്ടീസ് പതിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീണ്ടും സിബിഐ സംഘം എത്തുകയായിരുന്നു.
ഇതോടെയാണ്, സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ എടുക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സിബിഐ ഡയറക്ടർക്ക് കത്ത് അയച്ചത്.
ചിദംബരത്തിന് ഇന്നലെ സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഒപ്പം ഉത്തരവിനെതിരായ അടിയന്തര ഹർജി ഇന്ന് രാവിലെ 10.30ന് സമർപ്പിക്കാൻ സുപ്രീംകോടതി ചിദംബരത്തിന് അനുമതിയും നൽകിയിട്ടുണ്ട്.
Discussion about this post