തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ കായികാധ്യാപികയായ ആശാ എല്‍ സ്റ്റീഫന്റെ(37) വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഉച്ചവരെ കേളേജില്‍ വളരെ സജീവമായി നടന്ന പ്രിയ അധ്യാപികയെ മരണം കവര്‍ന്നതിന്റെ ആഘാതത്തിലാണ് ഇവര്‍. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയതായിരുന്നു ആശ.
കന്യാകുമാരി-തിരുവനന്തപുരം റെയില്‍പാതയിലെ നെയ്യാറ്റിന്‍കര ഇരുമ്പില്‍ ഭാഗത്ത് വെച്ച് ആശയെ ട്രെയിന്‍ തട്ടുകയായിരുന്നു. ഇന്നലെ സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സമയത്ത് ആശ കോളേജിലുണ്ടായിരുന്നു, വളരെ സജീവമായി തന്നെ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ ആശയുടെ മരണ വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത്.
ക്രിസ്ത്യന്‍ കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും എന്‍സിസി ചുമതലക്കാരിയുമായിരുന്നു ആശ. കാഞ്ഞിരംകുളം പൊതുവല്‍ സ്വദേശിയാണ് ആശ. കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്‌ഐ ചര്‍ച്ചിലെ പാസ്റ്റര്‍ ഷാജി ജോണ്‍ ആണ് ആശയുടെ ഭര്‍ത്താവ്. വീരണകാവിലെ പള്ളിമേടയിലായിരുന്നു താമസം. മക്കള്‍: ആഷിന്‍, ആഷ്‌ന. പ്രിയ അധ്യാപികയുടെ വിയോഗത്തില്‍ ഇന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.