തിരുവനന്തപുരം: സംസ്ഥാനത്തെ 53.04 ലക്ഷം പേർക്ക് ഓണത്തിനുമുമ്പ് ക്ഷേമ പെൻഷൻ ലഭ്യമാക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി സർക്കാർ. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്ച തുടങ്ങും. കുറഞ്ഞത് 3600 രൂപവീതം ലഭിക്കുമെന്നാണ് വിവരം.
പെൻഷൻ വിതരണത്തിന് ആവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടൻ അനുവദിക്കും. അർഹരായ 53,04,092 പേർക്കാണ് പെൻഷൻ എത്തിക്കുന്നത്. സഹകരണ സംഘങ്ങൾ വഴി പെൻഷൻ വിതരണം 24ന് ആരംഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് 29 മുതലാണ് പെൻഷൻതുക എത്തുക. ക്ഷേമനിധി പെൻഷൻ വിതരണവും അന്നുതന്നെ ആരംഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പണം ലഭ്യമാക്കുക. 46,47, 616 പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ.
ഇതിൽ 24,27,716 പേർക്കുള്ള 892.89 കോടിരൂപ ബാങ്ക് അക്കൗണ്ടുവഴി നൽകും. 22,19,900 പേർക്ക് 823.58 കോടിരൂപ സഹകരണ സംഘങ്ങൾവഴി നേരിട്ട് വീടുകളിൽ എത്തിക്കും.
Discussion about this post