തൃശ്ശൂര്‍: സീറ്റ് ബെല്‍റ്റിടാതെ പോലീസ് വാഹനം ഓടിക്കുന്ന പോലീസുകാരനെ തടഞ്ഞുനിര്‍ത്തി സീറ്റ് ബെല്‍റ്റ് ഇട്ട് വാഹനം ഓടിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബൈക്ക് യാത്രികനായ ജിതിന് നായരാണ് പോലീസിന്റെ അനാസ്ഥ ചൂണ്ടികാണിച്ച് രംഗത്തെത്തിയത്.
പോലീസിന്റെ ടാറ്റ സുമോയ്ക്കൊപ്പം ബൈക്കോടിച്ചും ഒടുവില്‍ വാഹനത്തിനു മുന്നില്‍ ബൈക്ക് നിര്‍ത്തിയും ജിതിന് പോലീസിനെ ചോദ്യം ചെയ്യുകയാണ്. ഒടുവില്‍ ഗതികെട്ട് പോലീസ് ഡ്രൈവറും അടുത്തിരിക്കുന്ന ഉദ്യോഗസ്ഥരും സീറ്റ് ബെല്‍റ്റ് ഇടുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് ജിതിനിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇത്രയും ധൈര്യം എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്ന സിനിമാ ഡയലോഗിനൊപ്പം നിരവധി പേര് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്.
അരൂര്‍ പോലീസ് സ്റ്റേഷനിലെ കെ.എല്‍.01.കെ.ആര്.9471 എന്ന പോലീസ് വാഹനമാണ് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റില്ലാതെ ഓടിച്ചത്. ഡ്യൂക്ക് ബൈക്കിലെത്തിയ ജിതിന് ആലപ്പുഴ കളക്ടേറ്റിന് സമീപത്തുവെച്ചാണ് പോലീസ് വാഹനം തടഞ്ഞത്. വാഹനം തടഞ്ഞ ജിതിന് ഇത് ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു.
Discussion about this post