വേങ്ങര: പ്രളയത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉൾപ്പടെയുള്ള വസ്തുക്കൾ നശിച്ച് ദുരിതത്തിലായ മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി രണ്ട് സ്വകാര്യബസുകൾ. പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് വേങ്ങരയിലെ ബസ് ജീവനക്കാരാണ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് എകെപിബിഎം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യബസുകൾ കാരുണ്യ യാത്ര നടത്തിയത്.
വേങ്ങര-കുന്നുംപുറം റൂട്ടിൽ ഓടുന്ന തക്ബീർ, വേങ്ങര-കുന്നുംപുറം-കോട്ടുമല റൂട്ടിലെ ഹൻഫ എന്നീ ബസുകളാണ് സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയായത്. ഇന്ധനച്ചെലവ് ഉടമകൾ വഹിക്കുകയും തൊഴിലാളികൾ വേതനം വാങ്ങാതെ സേവനം നടത്തുകയും ചെയ്യാൻ തയ്യാറായതോടെയാണ് ഈ മഹനീയ കൃത്യം ഭംഗിയായി പൂർത്തീകരിക്കാനായത്. ഇരു ബസുകളിൽ നിന്നുമായി 21130 രൂപയാണ് ലഭിച്ചത്.
ഈ തുകക്കുള്ള പഠനോപകരണങ്ങൾ അടങ്ങുന്ന കിറ്റ് വാങ്ങി വേങ്ങര പ്രദേശത്തെ അർഹരായ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതാണ് അടുത്ത ലക്ഷ്യമെന്ന് ബസ് ജീവനക്കാർ പറയുന്നു. മുനീർ, ഫാസിൽ, മഹേഷ് ,റിയാസ് എന്നീ ബസ് ജീവനക്കാരാണ് വേതനം ഉപേക്ഷിച്ച് കാരുണ്യ യാത്രക്ക് നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ വേങ്ങര ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ എസ്ഐ മുഹമ്മദ് റഫീക്ക് ഈ കാരുണ്യത്തിന്റെ സന്ദേശം പേറുന്ന യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
Discussion about this post