തിരുവനന്തപുരം: ഇനി ലോകത്തിന്റെ ഏത് കോണില്‍ നിന്നും കേരള കരകൗശല വികസന കോര്‍പറേഷന്റെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇപി ജയരാജന്‍ നിര്‍വ്വഹിച്ചു.
തടിയിലും ചിരട്ടയിലും മെറ്റലിലും രൂപകല്‍പന ചെയ്ത കേരളീയ കരകൗശല വസ്തുക്കളുടെ വിപണി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കേരള കരകൗശല വികസന കോര്‍പറേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. www.keralahandicrafts.in എന്ന വെബ്‌സൈറ്റ് വഴി ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇതിനു പുറമെ കരകൗശല ഉത്പന്നങ്ങളുടെ സവിശേഷതകളും അത് നിര്‍മ്മിച്ച കലാകാരന്‍മാരുടെ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളീയ കരകൗശല വസ്തുക്കളുടെ വ്യാജപതിപ്പുകളെ നിയന്ത്രിക്കുന്നതിന് വേണ്ടി കൂടിയാണ് സര്‍ക്കാര്‍ ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത്. കരകൗശല തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇത് കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ പരമ്പരാഗത കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്കായി പുതിയ ഡിസൈനുകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക് ഷോപ്പുകളും ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വില്‍ക്കാന്‍ വിപണന മേളകള്‍ സംഘടിപ്പിക്കുമെന്നും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ അറിയിച്ചു.