പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

പുത്തുമലയിൽ നിന്ന് ആറ് കിലോമീറ്റർ മാറിയുള്ള സൂചിപ്പാറയിലേക്ക് മാറ്റാനാണ് രക്ഷാപ്രവർത്തകരുടെ തീരുമാനം.

വയനാട്: മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിരവധി ജീവനുകളെടുത്ത വയനാട്ടിലെ പുത്തുമലയിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തെരച്ചിൽ ഇന്നും തുടരും. ഇന്നുമുതൽ തെരച്ചിൽ പുത്തുമലയിൽ നിന്ന് ആറ് കിലോമീറ്റർ മാറിയുള്ള സൂചിപ്പാറയിലേക്ക് മാറ്റാനാണ് രക്ഷാപ്രവർത്തകരുടെ തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സൂചിപ്പാറ മേഖലയിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയിരുന്നു. അപകടത്തിൽപ്പെട്ടവർ മലവെള്ളപ്പാച്ചിലിൽ സൂചിപ്പാറയിൽ എത്തിയേക്കാം എന്ന സംശയത്തെ തുടർന്നാണ് തെരച്ചിൽ ഇങ്ങോട്ട് മാറ്റിയത്. പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ബാക്കിയുള്ളത്. 12 മൃതദേഹങ്ങളാണ് ഇതുവരെ പുത്തുമലയിൽ നിന്നും കണ്ടെടുത്തത്. പുത്തുമലയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ച് ഇന്നലെ നടത്തിയ തെരച്ചിൽ വിജയിച്ചിരുന്നില്ല.

ആഗസ്റ്റ് എട്ടിന് വൈകിട്ടാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകിപ്പോവുകയായിരുന്നു. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ, എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാർട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എല്ലാം മലവെള്ളപ്പാച്ചിലിൽ ഒഴുകി മണ്ണിനടിയിലായിരുന്നു. ഒരു പ്രദേശത്തെ ഒന്നാകെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയായിരുന്നു അപകടം.

Exit mobile version