കൊല്ലം: സംസ്ഥാത്ത് മഴക്കെടുതിയെ തുടര്‍ന്ന് മത്സ്യ കൃഷി മേഖലയ്ക്ക് കനത്ത നഷ്ടം. കൊല്ലം ജില്ലയിലെ വെളിയം സ്വദേശി വിനോദ് കുമാറിനാണ് കനത്ത നഷ്ടമുണ്ടായത്. കൊല്ലം ജില്ലയില്‍ മാത്രമായി ഏകദേശം പത്തര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് മത്സ്യ കൃഷി മേഖലയില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.
സമ്മര്‍ലാന്റ് എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മത്സ്യ കൃഷി ഫാം നടത്തുന്നയാളാണ് വിനോദ് കുമാര്‍. പത്ത് ടണ്‍ വിളവെടുക്കല്‍ ലക്ഷ്യമിട്ട് കഴിഞ്ഞ നാലുമാസം മുന്‍പ് വിനോദ് തന്റെ ഫാമില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കട്ട്‌ല , രോഹു , ഗിഫ്റ്റ് തിലാപിയ, ആസാംവാള , മൃഗാള്‍ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
വളര്‍ച്ച പൂര്‍ണ്ണമായി വിളവെടുപ്പിന് സമയമായപ്പോഴാണ് ശക്തമായ മഴയെ തുടര്‍ന്ന് ഫാമില്‍ വെള്ളം കയറി മീനുകളെല്ലാം ഒഴികി പോയതോടെ കര്‍ഷകന് വന്‍ തിരിച്ചടി നേരിടുകയാണ്. തണുപ്പ് കൂടിയതോടെ ഫാമിലുണ്ടായിരുന്ന മീന്‍ കുഞ്ഞുങ്ങളും ചത്തുപൊങ്ങുകയും ചെയ്തു. ജില്ലയില്‍ മഴക്കെടുതിയില്‍ 3.21 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നാശം ഉണ്ടായത്. ശുദ്ധജല കാര്‍പ്പ് മത്സ്യകൃഷിയാണ് നശിച്ചതിലേറെയും.