കൊച്ചി: കൊച്ചിയിൽ നടന്ന ലാത്തിചാർജും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെ സിപിഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് സിപിഐ. എസ്ഐ വിപിൻദാസിനെ സസ്പെന്റ് ചെയ്തതിലുള്ള പ്രതികാരമാണ് പോലീസ് നടപ്പാക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്നും പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു.
സിപിഐ വാഴക്കുളം ലോക്കൽ കമ്മിറ്റിയംഗം അൻസാർ അലിയെയാണ് പോലീസ് ഇന്ന് അതിക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ ഇത് കള്ളക്കേസാണെന്ന ആരോപണവുമായി പി രാജു രംഗത്തെത്തുകയായിരുന്നു. കൊച്ചി എസിപിയെ സിപിഐ പ്രവർത്തകർ മർദ്ദിച്ചിട്ടില്ല. എസ്ഐ വിപിൻ ദാസ് തെറ്റുകാരനാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പാടില്ല. പോലീസ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി രാജു പറഞ്ഞു.
ഞാറയ്ക്കൽ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് ഉൾപ്പടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്.
Discussion about this post