തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ മാസം 31 ന് മത്സരം നടത്തും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതോടൊപ്പം നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ പെയ്ത പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി നേരത്തെ മാറ്റിവച്ചിരുന്നു. നെഹ്റു ട്രോഫി മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്.