കാസര്‍കോട്: അനധികൃത മണലെടുപ്പിനെതിരെ പ്രതികരിച്ച സ്ത്രീയുടെ പല്ല് അടിച്ചു കൊഴിച്ചതായി പരാതി. ഒറ്റക്കൈയിലെ അഞ്ചര ഹൗസില്‍ ഫെലിക്സ് ഡിസൂസയുടെ ഭാര്യ റീത്ത ഡിസൂസ(55)യ്ക്കുനേരേയാണ് അക്രമമുണ്ടായത്. മഞ്ചേശ്വരം അഞ്ചര കടപ്പുറത്തെ അനധികൃത മണലെടുപ്പിനെതിരേ പ്രതികരിച്ചതിനായിരുന്നു അക്രമം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അഞ്ചര കടപ്പുറത്തെ അനധികൃത മണലെടുപ്പിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് റീത്തയും പ്രദേശവാസികളുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതേതുടര്‍ന്നായിരുന്നു അക്രമം. വീട്ടിലെത്തിയ അക്രമികള്‍ കല്ലുകൊണ്ട് മുഖത്തടിക്കുകയും വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതായി റീത്ത പോലീസില്‍ പരാതി നല്കി.
അക്രമത്തില്‍ റീത്തയുടെ നാല് പല്ലുകള്‍ തകര്‍ന്നു. കൈക്കും പൊട്ടലുണ്ട്. കുമ്പള താലൂക്ക് ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം റീത്ത ഡിസൂസയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അഞ്ചാളുകളുടെ പേരില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഇതില്‍ അഞ്ചരസ്വദേശി നൗഫല്‍ എന്ന് വിളക്കുന്ന മുഹമ്മദ് ഇസ്മയിലി(21)നെ അറസ്റ്റ് ചെയ്തു.
Discussion about this post