മൂന്നാര്‍: ഒന്‍പതു വര്‍ഷം മുമ്പ് മരിച്ച മകന്റെ കുഞ്ഞുസമ്പാദ്യം പ്രളയബാധിതര്‍ക്ക് നല്‍കി ഒരു അമ്മ. ആ കാശുക്കുടുക്ക കൈമാറുമ്പോള്‍ ആ ചങ്ക് ഒന്നു പിടഞ്ഞു. അവന്റെ ആഗ്രഹം നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ അമ്മ. രക്താര്‍ബുദം ബാധിച്ച് 2010ല്‍ മരിച്ച അജയ് രാജന്റെ(ജസ്വിന്‍10) കാശുകുടുക്കയാണ് അമ്മ ഡോളി ‘അന്‍പോടെ മൂന്നാര്‍’ എന്നപേരില്‍ വയനാട് പ്രളയ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന പരിപാടിയില്‍ എത്തി കുടുക്ക കൈമാറിയത്.
എംജി റോഡിലെ കുരിശടിക്കു സമീപം ഗണേജ്ഭവനില്‍ രാജന്റെയും ഡോളിയുടെയും ഇളയമകനായ അജയിന് 2008ലാണ് രക്താര്‍ബുദം കണ്ടെത്തിയത്. തുടര്‍ന്ന് അസുഖം കലശലായി അവന്‍ ലോകത്തോട് വിട പറയുകയും ചെയ്തു. എന്നാല്‍ ആ വേദനയിലും അവന്റേതായി കുറച്ച് സമ്പാദ്യം ഉണ്ടായിരുന്നു. കിട്ടുന്ന നാണയത്തുട്ടുകളും മറ്റും ചേര്‍ത്ത് വെച്ച് നിധി പോലെ സൂക്ഷിച്ച സമ്പാദ്യം. തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റ് കുട്ടികളെപ്പറ്റി ആലോചിച്ചാണ് അവന്‍ സമ്പാദ്യം ചേര്‍ത്തു വെച്ചത്. അവരെ സഹായിക്കാമല്ലോ എന്ന ചിന്തയില്‍.
ആശുപത്രിക്കിടക്കയില്‍ വെച്ചാണ് കാശുകുടുക്കയില്‍ ചില്ലറത്തുട്ടുകള്‍ ഇട്ട് തുടങ്ങിയത്. രണ്ട് കുടുക്കകള്‍ നിറഞ്ഞപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അവന്‍ മരണത്തിന് കീഴടങ്ങി. അവന്‍ പോയ ശേഷം ആ കുടുക്കകള്‍ നിധി പോലെ കാത്ത് സൂക്ഷിക്കുകയായിരുന്നു ഈ കുടുംബം. വയനാട്ടിലെയും മലപ്പുറത്തെയും പ്രളയദുരിതത്തില്‍ കുട്ടികള്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോഴാണ് മകന്‍ സൂക്ഷിച്ച പണം ഇതിനുവേണ്ടിയല്ലെങ്കില്‍ പിന്നെന്തിനെന്ന് ആ അമ്മയ്ക്കു തോന്നിയത്. പണം എണ്ണുകപോലും ചെയ്യാതെയാണ് ഒരു കുടുക്ക കൈമാറിയത്. രണ്ടാം കുടുക്കയും അര്‍ഹരായവര്‍ക്ക് നല്‍കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.