മുവാറ്റുപുഴ: സിപിഐയുടെ ഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ലാത്തി ചാര്‍ജ് ഉണ്ടായ സംഭവത്തില്‍
സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. ഞാറക്കല്‍ സിഐയേയും സസ്പന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
ലാത്തി ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലില്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി അഡിഷണല്‍ കമ്മീഷണര്‍ കെപി ഫിലിപ്പാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് എസ്ഐയുടെ വീഴ്ചയാണെന്നാണ് നിരീക്ഷണം. സംഭവത്തില്‍ പോലീസിന് എതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തള്ളിയാണ് നടപടി.
ജൂലായ് രണ്ടാം വാരത്തില്‍ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിച്ചാര്‍ജുണ്ടായത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരിക്കു പറ്റിയിരുന്നു.