സംസ്ഥാനത്ത് എലിപ്പനിയ്ക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. എലിപ്പനി ബാധിച്ച് രണ്ട് പേര് മരിക്കുകയും എഴുപതോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മലിന ജലവുമായി ബന്ധപ്പെടുന്ന എല്ലാവരും ഡോക്സിസൈക്ളിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ മുന്നറിയിപ്പ് നല്കി.
ഈ മാസം രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. എട്ടു മരണം എലിപ്പനി കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയനാട് പൊഴുതന സ്വദേശി മഹേഷ് മരിച്ചതും എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നു. എഴുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 പേര് രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി.
പ്രളയം മാറിയപ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ന്നിരിക്കുകയാണ്. എലിയുടെയും മറ്റ് മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍പ്പെട്ട ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും,അതുപോലെ ചെളിയുള്ള മണ്ണിലൂടെയും ഒക്കെ അസുഖം പകരാം.
ജലത്തില്‍ കലരുന്ന രോഗാണു ചെറിയ പോറലുകള്‍, മുറിവുകള്‍, മൃദുലമായ ത്വക്ക് തുടങ്ങിയവ വഴിയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്. രോഗാണു അകത്തു കിടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം ഇവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന,ശ്വാസം മുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം പോലെയുള്ള ലക്ഷണങ്ങളും കാണാം .
ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയം,കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. ഇത് മരണം വരെ സംഭവിക്കാം. എലിപ്പനി പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രളയബാധിതരും ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ മുന്നറിയിപ്പ് നല്കി.
എലിപ്പനി പിടിപെടാതിരിക്കുവാനുള്ള മരുന്നാണ് ഡോക്സി സൈക്ലിന്‍ ഗുളികകള്‍. എന്നാല്‍ ഗുളികകള്‍ കയ്യില്‍ നല്‍കിയിട്ടും കഴിക്കാതിരിക്കുന്നവര്‍ നിരവധിയാണ്. ഡോക്സി സൈക്ലിന്‍ ഗുളികകളെക്കുറിച്ചുള്ള തെറ്റായ ധാരണയും, ആദ്യ ഡോസില്‍ അനുഭവപ്പെടുന്ന വയറെരിച്ചിലുമാണ് ഇത് കഴിക്കാതിരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഗര്‍ഭിണികളൊഴികെ 12 വയസിനു മുകളിലുള്ളവര്‍ 100 മില്ലിഗ്രാം ഡോക്സിസൈക്ളിന്‍ ഗുളിക രണ്ടെണ്ണം വീതം ആഴ്ചയിലൊരിക്കല്‍ കഴിച്ചാല്‍ പ്രതിരോധം നേടാം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നവര്‍ ആറാഴ്ച വരെ ഗുളിക കഴിക്കണം.
Discussion about this post