തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതക്കേസില്‍ ഹരികുമാറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെ.
തിരുവനന്തപുരം സിജെഎം കോടതി നാളെയായിരുന്നു ഹരികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. ജാമ്യാപേക്ഷ തള്ളാനാണ് സാധ്യതയെന്ന് അന്വേഷണ സംഘത്തിന് ഏതാണ്ട് ഉറപ്പുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഹരികുമാര്‍ കീഴടങ്ങുമെന്നും അന്വേഷണ സംഘം പ്രതീക്ഷിച്ചു. അതുകൊണ്ട് തന്നെ ഹരികുമാര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയേക്കാമെന്നും പോലീസ് കരുതിയിരുന്നു. മാത്രമല്ല ഹരികുമാറിനെ അന്വേഷിച്ച് മൂന്ന് സംഘങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയുമായിരുന്നു.
അന്വേഷണ സംഘത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ഹരികുമാറിന്റെ ആത്മഹത്യ. പാലക്കാടിനടുത്ത കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹരികുമാര്‍ ഒളിവില്‍ കഴിയുന്നു എന്ന് തന്നെയായിരുന്നു പോലീസിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹരികുമാര്‍ എപ്പോള്‍ തിരുവനന്തപുരത്തെ വസതിയില്‍ എത്തി കാര്യത്തില്‍ വ്യക്തതയില്ല.
കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ ഇന്ന് രാവിലെ കണ്ടെത്തിയത്. തുടര്‍നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. സനലിന്റെ മരണം നടന്ന് എട്ടാം ദിവസമാണ് ഹരികുമാറിന്റെ ആത്മഹത്യ.
നേരത്തെ, കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമായിരുന്നു അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.
ഹരികുമാറിന് സംരക്ഷണമൊരുക്കിയ കേന്ദ്രങ്ങളില്‍ നിന്നു പോലും കീഴടങ്ങാനുള്ള സമ്മര്‍ദ്ദവും ഇതിനിടെ ശക്തമായിരുന്നു.