മലപ്പുറം; ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ സൈന്യം തെരച്ചില്‍ അവസാനിപ്പിച്ചു. 102 പേര് അടങ്ങുന്ന സംഘം ഇന്ന് മടങ്ങും. അപകടം നടന്ന് പത്ത് ദിവസമായതിനാല്‍ ആധുനിക സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ മാത്രമേ ഫലപ്രദമാകുവൊള്ളൂവെന്ന് മേജര്‍ സിവി ഗ്രേഷ്യസ് പറഞ്ഞു.
അതെസമയം ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഇന്ന് തെരച്ചില്‍ ആരംഭിക്കും. സംഭവ സ്ഥലത്ത് ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തി.
ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്നുവരെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ഉപകരണം വച്ചാണ് തെരച്ചില്‍ നടത്തുന്നത്. ആറ് പേര് അടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ പാണ്ഡെ, രത്‌നാകര്‍ ദാക്തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജിപിആര് ഉപകരണം ഇവരുടെ കൈയിലുണ്ട്.
അതെസമയം കവളപ്പാറയില്‍ ശനിയാഴ്ച രണ്ട് മൃതദേഹം കൂടി കണ്ടെത്തി. സൂത്രത്തില്‍ വിജയന്റെ മകന്‍ വിഷ്ണു (28), കവളപ്പാറ കോളനിയിലെ പാലന്റെ മകന്‍ കാര്‍ത്തിക് (17) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്.
സൈനികനായിരുന്ന വിഷ്ണു ദുരന്തത്തിന് രണ്ടാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. അച്ഛന് വിജയന്റെ മൃതദേഹം കഴിഞ്ഞദിവസം കിട്ടിയിരുന്നു. ഇതോടെ കാണാതായ 59 പേരില്‍ 40 പേരുടെ മൃതദേഹം കണ്ടെടുത്തു. പത്തൊമ്പത് പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.
Discussion about this post