ചാവക്കാട്: അഞ്ച് എപ്ലസോടെ പത്ത് പാസായിട്ടും തട്ടുകടയിലെ സഹായിയായി ജോലിചെയ്യുകയാണ് 16കാരിയായ സീതാലക്ഷ്മി. പഠിക്കണം, പഠിച്ച് ഒരു ജോലി നേടണം-ഇതായിരുന്നു സീതാലക്ഷ്മിയുടെ മോഹം. എന്നാല്‍ ജീവിതത്തിലെ പ്രാരാബ്ദങ്ങള്‍ വിലങ്ങു തടിയാവുകയായിരുന്നു. ജീവിക്കാനായി പ്ലസ് വണ്ണില്‍ പഠനം നിര്‍ത്തിയാണ് സീതാലക്ഷ്മി തട്ടുകടയില്‍ സഹായത്തിന് ഇറങ്ങിയത്.
ഒരുമനയൂര്‍ മുത്തമ്മാവ് താണിവിള വീട്ടില്‍ സീതാലക്ഷ്മിക്ക് ഇപ്പോള്‍ കൂട്ടായി അമ്മ യശോദ മാത്രമാണുള്ളത്. അച്ഛന്‍ മോഹനന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടു. മൂത്ത രണ്ട് സഹോദരിമാര്‍ കല്യാണം കഴിച്ചുപോയി. ഇതോടെ അമ്മ യശോദയും സീതാലക്ഷ്മിയും ഒറ്റപ്പെടുകയായിരുന്നു.
ഒരുമനയൂര്‍ മുത്തമ്മാവിലെ വാടകവീട്ടിലാണ് ഇരുവരും കഴിയുന്നത്. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഒരുമനയൂര്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സീതാലക്ഷമി പ്ലസ് വണ്‍ പഠിച്ചത്. അസുഖം ബാധിച്ച് കുറേനാള്‍ സ്‌കൂളില്‍ പോകാനായില്ല. വീട്ടിലെ ദാരിദ്ര്യവും പഠനം മുടങ്ങാന്‍ കാരണമായി. പലപ്പോഴും വീട്ടുവാടക പോലും കൊടുക്കാന്‍ ബുദ്ധിമുട്ടി. ചികിത്സയ്ക്കും മറ്റും പണമിടപാട് സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത തുക അടയ്ക്കാത്തതും പ്രശ്നമായി. ഇതോടെ പഠനമെന്ന സ്വപ്‌നം ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുകയായിരുന്നു.
ദേശീയപാതയോരത്ത് ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂളിന് മുന്നില്‍ തട്ടുകട നടത്തുന്ന ഷീജ അവളെ സഹായിയായി ഒപ്പംകൂട്ടുകയായിരുന്നു. വാടകവീട്ടില്‍ വെള്ളം കയറിയതിനാല്‍ ഇപ്പോള്‍ മാങ്ങോട്ട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് സീതാലക്ഷ്മിയും അമ്മയും താമസിക്കുന്നത്. എങ്ങനെയും പ്ലസ്ടു പൂര്‍ത്തിയാക്കണം, താമസിക്കാന്‍ കുറഞ്ഞ വാടകയില്‍ സുരക്ഷിതമായ ഒരു വീട് വേണം എന്നുമാത്രമാണ് ഇപ്പോള്‍ സീതാലക്ഷ്മിയുടെ ആഗ്രഹം.
ചിത്രം കടപ്പാട്; മാതൃഭൂമി
Discussion about this post