കോഴിക്കോട്: രാഹുൽ ഗാന്ധി പ്രളയ ബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ചിപ്പിലത്തോട്ടിലെ വീട് പ്രളയത്തിൽ തകർന്നു പോയ ഖദീജ കൊല്ലങ്കണ്ടിയ്ക്ക് വീടൊരുക്കാൻ കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാല് സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു നൽകാനാണ് കോൺഗ്രസ് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചത്. കൊണ്ടോട്ടി ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടേയും യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നെടിയിരുപ്പ് കമ്മിറ്റിയുടേയും സഹായം ഉറപ്പ് നൽകിയിട്ടുണ്ട്.
കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സ്‌കൂളിലെ ക്യാംപ് സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധി എംപി ഖദീജയ്ക്ക് പുതിയ വീടെന്ന ഉറപ്പ് നൽകിയത്. ‘ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തിൽ തകർന്ന എല്ലാ വീടും പുനർനിർമ്മിക്കാം’ എന്നായിരുന്നു രാഹുലിന്റെ ഉറപ്പ്.
ഉരുൾപൊട്ടലിലാണ് ഖദീജ കൊല്ലങ്കണ്ടിയുടെ വീടും സ്ഥലവും നശിച്ചത്. തുടർന്ന് ഖദീജയും കുടുംബവും ക്യാംപിലേക്ക് മാറുകയായിരുന്നു. ഇവർക്കുള്ള പുതിയ വീടിനായി അടിവാരം മുപ്പതേക്രയിൽ 4 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം രജിസ്ട്രേഷൻ പൂർത്തിയാക്കി മൂന്നുമാസത്തിനകം വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് കോൺഗ്രസ് കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി അധ്യക്ഷൻ അബ്ദുൾ റഫീക്ക് അറിയിച്ചു.
ക്യാംപ് സന്ദർശനത്തിനിടെ രാഹുല് ഗാന്ധിയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ഖദീജയ്ക്ക് സഹായവുമായി വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ കൈപിടിച്ചു തന്നെ പ്രവേശനം സാധ്യമാകണമെന്ന ആഗ്രഹത്തിലാണ് ഖദീജയും കുടുംബവും.