മലപ്പുറം: പ്രളയത്തിനിടെ വെള്ളക്കെട്ടിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ പ്രവാസി യുവാവ് അബ്ദുൾ റസാഖിന്റെ മക്കളെ ആശ്വസിപ്പിച്ച് മോഹൻലാൽ. മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാലിന്റെ സംഘടനയായ വിശ്വശാന്തി സഹായഹസ്തം നീട്ടിയിരിക്കുകയാണ്. വെള്ളക്കെട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അബ്ദുൾ റസാഖിന്റെ മരണം.
ഈ കണ്ണീർ വാർത്ത ചർച്ചയായതോടെ വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തു. അബ്ദുൾ റസാഖിന്റെ ഭവനത്തിലെത്തി അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ വിശ്വശാന്തി ഏറ്റെടുക്കുകയും ചെയ്തു.
റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സാന്ത്വനിപ്പിക്കാനും മോഹൻലാൽ മറന്നില്ല. നേരത്തെ പ്രളയത്തിൽ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും മോഹൻലാൽ സഹായം നൽകിയിരുന്നു.
കുട്ടികളെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ അബ്ദുൾ റസാഖ് കുഴഞ്ഞു വീണാണ് മരിച്ചത്. ഗൾഫിൽ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
Discussion about this post