കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതുപക്ഷത്തിന് മേയർ സ്ഥാനം നഷ്ടമായത്. കോൺഗ്രസ് വിമതൻ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. 26 നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. നേരത്തെ കോൺഗ്രസ് വിമതൻ പികെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോർപ്പറേഷൻ ഭരണം എൽഡിഎഫിന് ലഭിച്ചത്.
അമ്പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. എൽഡിഎഫ് പിന്തുണയ്ക്ക് പകരമായി പികെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒരു എൽഡിഎഫ് കൗൺസിലർ കഴിഞ്ഞയാഴ്ച മരിച്ചതോടെ എൽഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. പികെ രാഗേഷ് കോൺഗ്രസിന് പിന്തുണ നൽകിയതോടെ യുഡിഎഫ് പ്രമേയം പാസാവുകയായിരുന്നു. ഡെപ്യൂട്ടി മേയറായി പികെ രാഗേഷ് തുടരുമെന്ന് യുഡിഎഫ് അറിയിച്ചു.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനു മുന്നോടിയായി യുഡിഎഫ് പി.കെ രാഗേഷുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. പിന്തുണ ഉറപ്പിച്ച ശേഷമാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേസമയം, പികെ രാഗേഷിന്റെ നടപടി വഞ്ചനയാണെന്നും രാജി വെയ്ക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്.
Discussion about this post