ട്രെയിന്‍ വരുന്നതു കണ്ടിട്ടും പാളത്തില്‍ നിന്ന് സെല്‍ഫിയെടുത്ത് വിദ്യാര്‍ത്ഥികളുടെ തീക്കളി; ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല

തുടര്‍ന്ന് ലോക്കോ പൈലറ്റ് മൂന്ന് കുട്ടികളെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

തിരുവല്ല: ഹോണ്‍മുഴക്കിയിട്ടും ഓടുന്ന തീവണ്ടിക്കുമുന്നില്‍ നിന്ന് മാറാതെ സെല്‍ഫിയെടുത്ത് വിദ്യാര്‍ത്ഥികള്‍. കുറ്റൂര്‍ മണിമല റെയില്‍വേപാലത്തിലാണ് സംഭവം. തീവണ്ടി കുറഞ്ഞ വേഗത്തില്‍ വന്ന് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് ലോക്കോ പൈലറ്റ് മൂന്ന് കുട്ടികളെയും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

വ്യാഴാഴ്ച പകല്‍ 11.30-നാണ് സംഭവം. ബെംഗളൂരുവില്‍നിന്നുള്ള ഐലന്‍ഡ് എക്‌സ്പ്രസിന് മുന്നില്‍ നിന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ സെല്‍ഫി. പത്തിലും പ്ലസ് വണിലും പഠിക്കുന്നവരാണ്. കുട്ടികളെ കണ്ട് ലോക്കോ പൈലറ്റ് വേഗം കുറച്ചെത്തിയതിനാല്‍ അത്യാഹിതം ഒഴിവായി. ട്രെയിന്‍ അടുത്തെത്തിയത് കണ്ടിട്ടും വിദ്യാര്‍ത്ഥികള്‍ പാളത്തില്‍ മാറാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ലോക്കോ പൈലറ്റ് വന്ന് കുട്ടികളെ തടഞ്ഞുവെയ്ക്കാന്‍ പാളത്തില്‍ ജോലി ചെയ്യുന്നവരോട് പറഞ്ഞു. ശേഷം ചെങ്ങന്നൂരിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിനിടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ആര്‍പിഎഫ് കുട്ടികളെ ഓഫീസിലേക്ക് കൊണ്ടു പോയി.
രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തിയ സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയ ശേഷം കുട്ടികളെ അവര്‍ക്കൊപ്പം വിട്ടയച്ചു.

Exit mobile version