ദുബായ്: മുമ്പ് പ്രവാസിയായിരുന്ന ബ്രോഡ് വേയിലെ കച്ചവടക്കാരൻ മാലിപ്പുറം സ്വദേശി നൗഷാദ് ഇന്ന് കേരളത്തിന്റെ സ്വന്തം മകനാണ്. മഴക്കെടുതിയിൽ കേരളം തളർന്നപ്പോൾ സ്വന്തം സമ്പാദ്യം ഒരുമടിയും കൂടാതെ പകുത്തു നൽകാൻ കാണിച്ച ആ സ്നേഹമനസിന് അഭിനന്ദന പ്രവാഹമാണ് ലോകമെമ്പാടു നിന്നും. ഇതിനിടെ നൗഷാദിനേയും കുടുംബത്തേയും പ്രവാസലോകത്തേക്ക് സന്ദർശത്തിനായി ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുബായിയിലെ സ്മാർട് ട്രാവൽസ് എംഡി അഫി അഹമദും സുഹൃത്തുക്കളും.
ഓണത്തിനു ശേഷമായിരിക്കും പ്രവാസികളുടെ സ്നേഹാദരം ഏറ്റുവാങ്ങാനായി നൗഷാദും കുടുംബവും യുഎഇയിലേക്ക് എത്തുക. അഫി അഹമദ് ഇന്നലെ നേരിട്ട് വീട്ടിലെത്തി നൗഷാദിനെ ക്ഷണിച്ചിരുന്നു. ഇതനുസരിച്ചാണ് നൗഷാദും കുടുംബവും സമ്മതമറിയിച്ചത്. നൗഷാദിനും കുടുംബത്തിനും യുഎഇ സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്നും അഫി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പണം നൗഷാദ് പുതുതായി തുറക്കുന്ന കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി പ്രളയബാധിത പ്രദേശത്തെ ആൾക്കാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ചെക്ക് നൗഷാദിന് കൈമാറുകയും ചെയ്തു.
കൂടാതെ, ഒരു ലക്ഷം ദിർഹം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും കൈമാറുമെന്നും അഫി അഹമ്മദ് പ്രഖ്യാപിച്ചു. നൗഷാദിനു മാത്രമാണ് പാസ്പോർട്ട് ഉള്ളത്. കുടുംബാംഗങ്ങൾക്ക് പാസ്പോർട്ട് ലഭിക്കുമ്പോൾ വീസയും യാത്രാ രേഖകളും തയാറാക്കും. നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നൗഷാദ്.
Discussion about this post