മലപ്പുറം; ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഒരു കുട്ടിയടക്കം നാല് പേരെ ഇന്ന് കണ്ടെത്തി. കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 37 ആയി. 22 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. എട്ടു വയസുകാരനായ കിഷോറിന്റേതാണ് കണ്ടെത്തിയ ഒരു മൃതദേഹം. 59 പേരാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ കുടുങ്ങിപ്പോയതെന്നാണ് ഔദ്യോഗിക കണക്ക്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
നാല് ഭാഗമായി തിരിച്ച് 14 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.
പ്രദേശവാസികളുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് തയ്യാറാക്കിയ മാപ്പിനെ അടിസ്ഥാനമാക്കിയാണ് തെരച്ചില്‍ തുടരുന്നത്. ഉരുള്‍പൊട്ടിയ വയനാട് പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടക്കുന്നത്.
Discussion about this post