വയനാട്: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്ന നേതാവാണ് വയനാട് എംപി രാഹുല്‍ ഗാന്ധി. പ്രളയം ബാധിച്ച വയനാടിന് 50 ടണ്‍ അരി എത്തിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് 50 ടണ്‍ അരിയും അവശ്യവസ്തുക്കളും എത്തിച്ചു എന്നുള്ളത് കെപിസിസിയുടെ ആയിരം വീടുകള്‍ പോലെ വ്യാജപ്രചരണമെന്നാണ് ഉയരുന്ന ആരോപണം.
പികെ സുരേഷ് കുമാര്‍ എന്ന വ്യക്തിയാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വിട്ടിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് എത്തിയ സാധനങ്ങള്‍ കോണ്‍ഗ്രസുകാര്‍ കിറ്റുകളാക്കി വിതരണം ചെയ്യാന്‍ സംഭരിച്ചത് രാഹുലിന്റെ സംഭാവനയെന്ന് കാണിച്ച് വിതരണം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തിരുവനന്തപുരം കോര്പ്പറേഷന് നിലമ്പൂരിലേക്ക് കയറ്റി അയച്ച ഒരു ട്രക്ക് അരി, ഏകദേശം -20 ടണ്‍ നിലമ്പൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ഇറക്കാതെ ചെയര്‍പേഴ്സന്റെ വീട്ടില്‍ ഇറക്കിവെപ്പിക്കുകയും, ഇതും രാഹുല്‍ കിറ്റ് എന്ന പേരില്‍ നിലമ്പൂരില്‍ ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്.
വയനാട്ടില്‍ നിന്ന് ജയിച്ച് കയറിയിട്ട് വയനാടിന് വേണ്ടി എംപി യാതൊന്നും ചെയ്തില്ല എന്ന വിമര്‍ശനം ഇല്ലാതിരിക്കാനാണ് കോണ്‍ഗ്രസ് ഈ കള്ളത്തരം കാണിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ജില്ലാ – പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ കുരുട്ടു ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണിതെന്നും അദ്ദേഹം തുറന്നടിക്കുന്നുണ്ട്. ഈ വാര്‍ത്ത വന്ന് പതിനാലര മണിക്കൂര്‍ കഴിഞ്ഞിട്ടും രാഹുല്‍ ഇക്കാര്യം ചെയ്തതായി രാഹുലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ, ട്വിറ്റര്‍ അക്കൗണ്ടിലോ പങ്കുവെച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
അതോടൊപ്പം ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി അടക്കമുള്ള കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഇതേ കുറിച്ച് മിണ്ടിയിട്ടില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വെളിപ്പെടുത്തുന്നുണ്ട്. നാല് വോട്ട് കിട്ടാന്‍ ജനങ്ങളെ പറ്റിക്കാന്‍ ഇമ്മാതിരി തറപ്പണിയുമായി നടക്കുന്നത് എന്തിനാണെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍. രാഹുല്‍ ചെയ്താലും ചെയ്തില്ലെങ്കിലും വയനാടന്‍ ജനതയെ സഹായിക്കാന്‍ ആര്‍ദ്രമനസ്സോടെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുണ്ടെന്നും അവര്‍ അയച്ചു തന്ന സ്നേഹത്തിന്റെ കൈയൊപ്പ് ഇമ്മാതിരി ചെറ്റത്തരം കാണിക്കാന്‍ ഉപയോഗിക്കുന്നതിന് ചില്ലറ തൊലിക്കട്ടിപോരാ എന്നും അദ്ദേഹം കുറിപ്പില്‍ ശക്തമായി പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് 50 ടണ്‍ അരിയും അവശ്യവസ്തുക്കളും എത്തിച്ചു എന്നുള്ളത് KPCC യുടെ ആയിരം വീടുകള്‍ പോലെ വ്യാജ പ്രചരണം .. തെക്കന്‍ കേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് എത്തിയ സാധനങ്ങള്‍ കോണ്‍ഗ്രസുകാര്‍ കിറ്റുകളാക്കി വിതരണം ചെയ്യാന്‍ സംഭരിച്ചത് രാഹുലിന്റെ സംഭാവനയെന്ന് കാണിച്ച് വിതരണം ചെയ്യുന്നു. തിരുവനന്തപുരം കോര്പ്പറേഷന് നിലമ്പൂരിലേക്ക് കയറ്റി അയച്ച ഒരു ട്രക്ക് അരി ; ഏകദേശം -20 ടണ്‍ നിലമ്പൂര്‍ മുന്‍സിപ്പല്‍ ഓഫീസില്‍ ഇറക്കാതെ ചെയര്‍പേഴ്സന്റെ വീട്ടില്‍ ഇറക്കിവെപ്പിച്ചു. ഇതും രാഹുല്‍ കിറ്റ് എന്ന പേരില്‍ നിലമ്പൂരില്‍ ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നു.
വയനാട് MP ദുരന്തബാധിതരായ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമര്‍ശനം ഒഴിവാക്കാന്‍ ജില്ലാ – പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ കുരുട്ടു ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണ് പ്രബുദ്ധ കേരളം വയനാട്ടിലേക്കും നിലമ്പൂരിലേക്കും അയച്ച സാധനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലാക്കി മാറ്റി കോണ്‍ഗ്രസുകാര്‍ തട്ടിപ്പു നടത്തുന്നത്.
വയനാട് DCC പ്രസിഡന്റ് IC ബാലകൃഷ്ണന് മനോരമ ചാനലിന് നല്കിയ ബൈറ്റിലൂടെയാണ് രാഹുല്‍ ഗാന്ധി ടണ്‍ കണക്കിന് സാധനങ്ങള്‍ വയനാട്ടിലേക്ക് എത്തിച്ചു എന്ന് ജനങ്ങള്‍ അറിയുന്നത്. മനോരമ വാര്‍ത്ത ശരിയാണ് എന്ന് വിശ്വസിച്ച് ചില മാധ്യമങ്ങളും വാര്‍ത്ത നല്കി. പക്ഷേ മനോരമക്കാരന് വാര്‍ത്ത ചെയ്തപ്പോള്‍ MP യുടെ ഓഫീസ് അറിയിച്ചു എന്ന് പറഞ്ഞ് അവന്റെ നില സേഫ് ആക്കി… വയനാട്ടില്‍ എത്തിയ സാധനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ MP യുടെ സഹായമായി വീടുകളില്‍ എത്തിക്കുമെന്നാണ് DCC പ്രസിഡന്റ് മനോരമ ചാനലിലൂടെ പറഞ്ഞിരിക്കുന്നത്.
ഈ വാര്‍ത്ത വന്ന് പതിനാലര മണിക്കൂര്‍ കഴിഞ്ഞിട്ടും രാഹുല്‍ ഇക്കാര്യം ചെയ്തതായി രാഹുലിന്റെ fb പേജിലോ, ട്വിറ്റര്‍ അക്കൗണ്ടിലോ, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി അടക്കമുള്ള കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ഇക്കാര്യം പോസ്റ്റുകള്‍ വന്നിട്ടില്ല.
എന്തിനാടോ ഐ.സി. ബാലകൃഷ്ണാ ദുരന്തബാധിത ജനങ്ങളെ പറ്റിക്കാന്‍ ഇമ്മാതിരി തറപ്പണിയുമായി നടക്കുന്നത്. രാഹുല്‍ ചെയ്താലും ചെയ്തില്ലെങ്കിലും വയനാടന്‍ ജനതയെ സഹായിക്കാന്‍ ആര്‍ദ്രമനസ്സോടെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി രംഗത്തുവന്നു.അവര്‍ അയച്ചു തന്ന സ്നേഹത്തിന്റെ കൈയൊപ്പ് ഇമ്മാതിരി ചെറ്റത്തരം കാണിക്കാന്‍ ഉപയോഗിക്കുന്നതിന് ചില്ലറ തൊലിക്കട്ടി പോരാ ബാലകൃഷ്ണാ..
Discussion about this post