ഇടുക്കി: പുഴയോര കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ് കളക്ടര്‍ രേണുരാജ് രംഗത്ത്. വ്യക്തമായ പദ്ധതിയുമായാണ് രേണുരാജ് എത്തിയിരിക്കുന്നത്. രണ്ടാം തവണയും മൂന്നാറില്‍ പ്രളയമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളും തകര്‍ന്നു. ഈ സാഹചര്യത്തില്‍ അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കൈയ്യേറ്റവുമാണ് മൂന്നാറില്‍ പ്രളയത്തിന് കാരണമാകുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെയാണ് സബ് കളക്ടര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തന്റേതായ ശ്രമങ്ങള്‍ നടത്തുന്നത്.
മൂന്നാര്‍ ടൗണിലും പഴയ മൂന്നാറില്‍ പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില്‍ നിര്‍മ്മാണം നടത്തിയവയെല്ലാം പൊളിച്ചുനീക്കുമെന്ന് അവര്‍ അറിയിച്ചു. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെ ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. തഹസില്‍ദാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ബാക്കി നിയമനടപടികള്‍ സ്വീകരിക്കുക. ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.
Discussion about this post