പത്തനംതിട്ട: കര്‍ക്കിടകത്തിലെ വറുതികള്‍ക്ക് വിടനല്‍കി പൊന്നിന്‍ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. പുലര്‍ച്ചെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങുക. ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
ദേവസ്വം വിജലന്‍സിന്റെ സൂഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല മാളികപ്പുറം എന്നിവടങ്ങളിലേക്കുള്ള മേല്‍ശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്.ശബരിമലയിലെയും മാളികപ്പുറത്തെയും ആചാരങ്ങളില്‍ കൂടുതല്‍ പരീശീലനത്തിനായി തന്ത്രിയുടെ സമ്മതത്തോടെയാണ് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തി നറുക്കെടുപ്പ് ഇത്തവണ നേരത്തെയാക്കിയത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വര്‍മ്മയും ,കാഞ്ചനയുമാണ് നറുക്കെടുക്കുന്നത്.