മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ അണക്കെട്ടുകളില്‍ നീരൊഴുക്കും കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ മാറ്റം

തിരുവനന്തപുരം: മഴയുടെ അളവില്‍ മാറ്റം വന്നതിന് പിന്നാലെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ നീരൊഴുക്കും കുറഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ മഴ ലഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിട്ടില്ല.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഏറ്റവും ജലനിരപ്പ് ഉയരുന്ന ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2349.44 അടിയാണ് ജലനിരപ്പ്. 45.39 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2401.14 അടിയായിരുന്നു ജലനിരപ്പ്. 98.37 ശതമാനം വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുകയായിരുന്നു ഈ സമയത്ത്.

പമ്പയില്‍ ഇപ്പോള്‍ 972.65 മീറ്ററാണ് ജലനിരപ്പ്. 43.72 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം 985.55 മീറ്ററായിരുന്നു ജലനിരപ്പ്. 95.64 ശതമാനം വെള്ളമുണ്ടായിരുന്നു. ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ വെള്ളം കഴിഞ്ഞ വര്‍ഷം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.

ഇടമലയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 102 ശതമാനം വെള്ളമുണ്ടായിരുന്നു. 169.75 മീറ്ററായിരുന്നു ജലനിരപ്പ്. ഇന്ന് 150.58 മീറ്ററാണ് ജലനിരപ്പ്. എന്നാല്‍ 55.13 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

കക്കി ആനത്തോട് അണക്കെട്ടുകളില്‍ 963.42 മീറ്ററാണ് ജലനിരപ്പ്. 48.30 ശതമാനം വെള്ളമുണ്ട്. 981.09 മീറ്ററായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ദിവസത്തെ ജലനിരപ്പ്. ഷോളയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 59.06 ശതമാനം വെള്ളമുണ്ട്. 805.28 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം 811.68 മീറ്ററായിരുന്നു ജലനിരപ്പ്.

തുടര്‍ച്ചയായി മഴ ലഭിച്ച മലബാര്‍ മേഖലയില്‍ കുറ്റ്യാടി, ബാണാസുരസാഗര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളിലെ ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് ഇപ്പോള്‍. കുറ്റ്യാടിയില്‍ 756.94 മീറ്ററാണ് ജലനിരപ്പ്. 92.86 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം 758.023 ആയിരുന്നു ജലനിരപ്പ്. 100 ശതമാനം വെള്ളമുണ്ടായിരുന്നു.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ഇപ്പോള്‍ 50.94 ശതമാനം വെള്ളമുണ്ട്. 415.45 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അണക്കെട്ട് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയായിരുന്നു.

Exit mobile version