തൃശ്ശൂര്‍: ഏട്ടന്റെയും ഏട്ടത്തിയുടെയും പാതയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായവുമായി നടന് പൃഥ്വിരാജും. ചേട്ടന് ഇന്ദ്രജിത്ത് തന്നെയാണ് പൃഥ്വിയുടെ സ്നേഹം പങ്കുവച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ വലയുന്ന വയനാട് തിരുനെല്ലിയിലെ ജനങ്ങള്‍ക്ക് ഒരു ലോറി നിറയെ അവശ്യ സാധനങ്ങള്‍ നല്‍കിയാണ് പൃഥ്വിയും കാരുണ്യത്തിന്റെ ഭാഗമായത്.
അതേസമയം, അനിയന്റെ സ്നേഹത്തിന് ഇന്ദ്രജിത്ത് നന്ദി അറിയിച്ചിട്ടുണ്ട്. ചേട്ടന് ഇന്ദ്രജിത്തും ചേട്ടത്തി പൂര്‍ണ്ണിമയും അവരുടെ മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയും വരെ പ്രളയ ദുരിതം പേറുന്നവര്‍ക്ക് സാന്ത്വനമായി സജീവമായി രംഗത്തുണ്ട്.
കൊച്ചിയിലെ ദുരിതാശ്വാസ കൂട്ടായ്മയായ അന്‍പോട് കൊച്ചിക്ക് വേണ്ടിയാണ് പൃഥ്വി ഒരു വലിയ ലോറി നിറയെ സാധനങ്ങള്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനായി കൊടുത്തയച്ചത്. അന്‍പോട് കൊച്ചി നല്കുന്ന ഇരുപത്തിയാറാമത്തെ ലോഡ് ആണ് ഇത്.
‘ഇന്ന് വരെയുള്ളതില്‍ വച്ച് ഞങ്ങളുടെ ഏറ്റവും വലിയ സിംഗിള്‍ കണ്സൈന്മെന്റ് …വയനാട്ടിലേക്കുള്ള ഒരു ട്രക്ക് നിറയെ അവശ്യസാധനങ്ങള്‍ക്ക് നന്ദി രാജു… തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് ട്രക്ക് നമ്പര്‍ 26. അന്‍പോട് കൊച്ചിക്കായി സഹോദര സ്നേഹം..’ എന്നാണ് ഇന്ദ്രജിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Discussion about this post