നാട്ടില്‍ വന്നുപോയത് കഴിഞ്ഞ മാസം..! താന്‍ സേവനം മതിയാക്കി മാര്‍ച്ചില്‍ നാട്ടിലേക്ക് വരുന്നു എന്നായിരുന്നു അവസാന സന്ദേശം; ധീര ജവാന്റെ വിയോഗത്തില്‍ തേങ്ങലടക്കാനാകാതെ നാട്

സേവനം 15 വര്‍ഷം പൂര്‍ത്തിയായ 2017ല്‍ അവന്‍ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാല്‍ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കില്‍ ഇന്ന് ഈ വീട്ടില്‍ ജീവനോടെ അവനുണ്ടാകുമായിരുന്നു.

ഉദയംപേരൂര്‍: തേങ്ങലോടെയായിരുന്നു അവര്‍ ആ വിയോഗത്തെ നേരിട്ടത്.കഴിഞ്ഞ മാസം രണ്ടിനാണ് അവന്‍ നാട്ടില്‍ വന്നുപോയത്. താന്‍ സേവനം മതിയാക്കി മാര്‍ച്ചില്‍ നാട്ടിലേക്ക് വരുന്നു എന്നായിരുന്നു അവന്റെ അവസാന സന്ദേശം.

ധീര ജവാന്‍ ആന്റണി സെബാസ്റ്റ്യന്‍ വീരമൃത്യു വരിച്ചു… എന്ന വാര്‍ത്തയായിരുന്നു ആ സന്ദേശത്തിന് പിന്നാലെ ഉദയംപേരൂരിലെ ജനങ്ങളെ തേടി എത്തിയത്. സേവനം 15 വര്‍ഷം പൂര്‍ത്തിയായ 2017ല്‍ അവന്‍ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാല്‍ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കില്‍ ഇന്ന് ഈ വീട്ടില്‍ ജീവനോടെ അവനുണ്ടാകുമായിരുന്നു. സഹോദരന്റെ ആകസ്മികദുരന്തമറിഞ്ഞ് വീട്ടിലെത്തിയ ചേച്ചി നിവ്യ പറഞ്ഞു.

ജവാന് പരുക്കേറ്റ വിവരമാണ് ആദ്യമെത്തിയത്. പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരീ ഭര്‍ത്താവ് ജോണ്‍സിനും പരുക്കേറ്റ വിവരം മാത്രമാണ് ആദ്യം കൈമാറിയത്. വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കുമെന്ന ആശങ്കയോടെ അറിഞ്ഞവരാരും വീട്ടിലേക്ക് കയറാന്‍ ധൈര്യപ്പെട്ടില്ല. പ്രാര്‍ഥനാഗ്രൂപ്പിലെ ചിലരാണ് ആദ്യം വീട്ടിലെത്തി കാര്യം ധരിപ്പിച്ച് ആശ്വസിപ്പിച്ചത്.

സങ്കടം സഹിക്കവയ്യാതെ പൊട്ടികരയുന്ന ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും ധൈര്യം വന്നില്ല. തന്റെ പിതാവിന്റെ വിയോഗം അറിയാതെ ഏക മകന്‍ അയ്ഡന്‍ (7) അമ്മയോടു ചേര്‍ന്നു നില്‍ക്കുന്നുമുണ്ടായിരുന്നു. പ്രഭാത് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവന്‍.

Exit mobile version