തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കവിത രചിച്ച് പണം കണ്ടെത്തി സംഭാവന ചെയ്യുന്ന അക്ഷയ് കുമാറിനെ കവിത കൊണ്ട് തന്നെ അഭിനന്ദിച്ച് ടിവി രാജേഷ് എംഎല്‍എ. എത്ര തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും തോറ്റുകൊടുക്കാത്ത മലയാളിയുടെ മുഖമാണ് എന്റെ മണ്ഡലത്തിലെ മാട്ടൂല്‍സ്വദേശി അക്ഷയ് കുമാര്‍ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. എസ്എഫ്‌ഐ രംഗത്ത് സജീവസാന്നിധ്യമായിരുന്ന അക്ഷയ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായും സര്‍ഗാത്മക വഴികളില്‍ കവിയെന്ന പേരിലും കോളേജിലെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഇപ്പോള്‍ കേരളത്തെ വാര്‍ത്തെടുക്കാന്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്യുകയാണ് അക്ഷയ്. കഷ്ടപ്പാടും ദാരിദ്ര്യവും മാത്രമാണ് അക്ഷയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്തുവാന്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ചാലഞ്ച് കൊണ്ടുവന്നു. ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറ് രൂപയെങ്കിലും സംഭാവന ചെയ്യുക. അതിന്റെ സ്‌ക്രീന്‍ഷോട്ട് എനിക്ക് അയച്ചുതരിക. നിങ്ങളുടെ ഫോട്ടോ വെച്ച് ഞാനൊരു കവിത തരാം’ ഇതായിരുന്നു അക്ഷയ് മുന്‍പോട്ട് വെച്ച ചാലഞ്ച്. ഇതിലൂടെ അക്ഷയ് ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സംഭാവന ചെയ്യുകയായിരുന്നു.
ഈ തീരുമാനത്തിനെയാണ് അഭിനനന്ദിച്ച് എംഎല്‍എ രംഗത്തെത്തിയത്. അവന്റെ കവിതകള്‍ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പതിനായിരം രൂപയോളം നല്‍കികഴിഞ്ഞുവെന്ന് എംഎല്‍എ വ്യക്തമാക്കി. ഞാനും അക്ഷയ്കുമാറിന്റെ ചാലഞ്ചില്‍ പങ്കെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എത്ര തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും തോറ്റുകൊടുക്കാത്ത മലയാളിയുടെ മുഖമാണ് എന്റെ മണ്ഡലത്തിലെ മാട്ടൂല്‍സ്വദേശി അക്ഷയ്കുമാറിന്. മാടായി കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ എനിക്ക് നേരിട്ടറിയാവുന്ന വ്യക്തിയാണ് അക്ഷയ്. എസ്എഫ്‌ഐ രംഗത്ത് സജീവസാന്നിധ്യമായിരുന്ന അക്ഷയ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായും സര്‍ഗ്ഗാത്മക വഴികളില്‍ കവിയെന്ന പേരിലും കോളേജിലെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ചെറുതെങ്കിലും വായിക്കാന്‍ സുഖമുള്ള, മനസില്‍ തങ്ങിനില്‍ക്കുന്ന, സമകാലിക യാഥാര്‍ത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു അക്ഷയ് എഴുകുന്ന കവിതകള്‍.
ഫേസ്ബുക്കിലൂടെ നൂറ് ദിവസം നൂറ് കവിതയെന്ന ചാലഞ്ച് വിജയകരമായി പൂര്‍ത്തിയക്കിയിരിക്കവെയാണ് കേരളത്തില്‍ വീണ്ടും പ്രളയം വന്നത്. എല്ലാവരും സഹായങ്ങള്‍ നല്‍കുന്നു. എല്ലാവരും ഒത്തൊരുമിച്ച് പ്രളയത്തെ നേരിടുന്നു. കേരളം അതിജീവിക്കുന്നു. എനിക്കെന്ത് ചെയ്യാന്‍ കഴിയും.? കഷ്ടപ്പാടും ദാരിദ്ര്യവും മുതലായുള്ളവന് കയ്യിലെ പേനയും മനസിന്റെ നന്മയാകുന്ന അക്ഷരങ്ങളുമായിരുന്നു ആയുധം.
സോഷ്യല്‍മീഡിയയിലൂടെ അക്ഷയ്കുമാര്‍ പുതിയ ചാലഞ്ചിന് തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറ് രൂപയെങ്കിലും സംഭാവന ചെയ്യുക. അതിന്റെ സ്‌ക്രീന്‍ഷോട്ട് എനിക്ക് അയച്ചുതരിക. നിങ്ങളുടെ ഫോട്ടോ വെച്ച് ഞാനൊരു കവിത തരാം. ഇതായിരുന്നു ചലഞ്ച്.
എഴുതിയ അക്ഷരങ്ങള്‍ ശരിയാണെന്നോ, അവ പ്രസിദ്ധീകരിക്കാനോ പണം സമ്പാദിക്കാനോ ഉള്ളതാണെന്നോ എന്നൊന്നും ഇന്നുവരെ അക്ഷയ് ചിന്തിച്ചിട്ടില്ല. തന്റെ മനസില്‍തോന്നിയ വരികള്‍ക്ക് അങ്ങനെ സമ്പാദിക്കാന്‍ മാത്രം ശക്തിയുണ്ടോയെന്നും അവനറിയില്ല. പക്ഷെ, അവന്റെ കവതികള്‍ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പതിനായിരം രൂപയോളം നല്‍കികഴിഞ്ഞു. ജീവിതം പോലെ നൊമ്പരപ്പെടുത്തുന്നതും അവന്റെ പുഞ്ചിരിപോലെ സന്തോഷംപകരുന്നതുമായ കവിതകള്‍ക്ക് ഇന്ന് ആവശ്യക്കേറെയാണ്.
ഞാനും അക്ഷയ്കുമാറിന്റെ ചലഞ്ചില്‍ പങ്കെടുക്കുന്നു..
കുന്നോളം സ്‌നേഹം
കുന്നിക്കുരുവില്‍ ചാലിച്ച്
അക്ഷരങ്ങളാക്കി മാറ്റിയവ നീ
മാനവ സ്‌നേഹത്തിന്‍
മഹാമാതൃക തീര്‍ത്തു…
അക്ഷയ്കുമാറിന്
സ്‌നേഹത്തോടെ
ടി വി രാജേഷ് എംഎല്‍എ
Discussion about this post