കൊച്ചി: പ്രളയത്തില്‍ നിന്നുമുള്ള അതിജീവനത്തിനായി ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ച മലയാളികളുടെ ഒത്തൊരുമ പ്രളയം കഴിയുന്നതോടെ തകര്‍ന്നുവീഴുമോ എന്നതില്‍ ആശങ്ക അറിയിച്ച് സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ”നമ്മള്‍ കാണുന്നത് അതാണല്ലോ. പ്രളയം വരുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങള്‍ മാറുമെന്ന് ധര്‍മ്മജന്‍ പറയുന്നു.
പ്രളയത്തെ അതിജീവിക്കാന്‍ ഇന്ന് ജാതിയും രാഷ്ട്രീയവും എല്ലാം മറന്ന് ഒന്നിച്ചിരിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. എങ്ങുനിന്നും നന്മമരങ്ങള്‍ പൂക്കുന്നു. വലിയ നൊമ്പരങ്ങള്‍ക്കിടയിലും അത്തരം വാര്‍ത്തകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. എന്നാല്‍ ഇതിനിടെയിലും മലയാളികളുടെ ഈ ഒത്തൊരുമ നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. മലയാളത്തിന്റെ പ്രിയ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെയാണ്.
കുടിയന്മാരെ പോലെയാണ് കേരളത്തിലെ ജനങ്ങള്‍. വെള്ളമിറങ്ങിക്കഴിഞ്ഞാല്‍ മുമ്പ് നടന്നതൊന്നും ഓര്‍മ്മയുണ്ടാവില്ല. നമ്മള്‍ കാണുന്നതും അത് തന്നെയാണ്. പ്രളയം വരുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങളെല്ലാം മാറുമെന്നും ധര്‍മ്മജന്‍ പറയുന്നു. പ്രളയം വരുമ്പോള്‍ജാതിയും മതവും എല്ലാം മറന്ന് എന്തൊരു ഒത്തൊരുമയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.
പ്രളയത്തില്‍ നിന്നും കരകയറിയാല്‍ രാഷ്ട്രീയക്കാര്‍ തമ്മിലടി, മതങ്ങള്‍ തമ്മിലടി, മതങ്ങള്‍ക്കുള്ളില്‍ ജാതികള്‍ തമ്മിലടി ഒക്കെ തിരിച്ചു വരും. അവന്‍ നായര്‍, ഇവന്‍ ഈഴവന്‍, മറ്റവന്‍ പുലയന്‍ എന്നൊക്കെ വീണ്ടും ചേരിതിരിക്കും. പ്രളയം വരുമ്പോള്‍ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ് സ്‌നേഹമാണ് എന്നൊക്കെ പറയും അതികഴിഞ്ഞാല്‍ വീണ്ടും പഴയതിലേക്കു തന്നെയല്ലേ മടങ്ങുകയെന്നും ധര്‍മ്മജന്‍ ചോദിക്കുന്നു.
ഒത്തൊരുമയോടെ നിന്നിട്ട് പ്രളയം കഴിയുമ്പോള്‍ വീണ്ടും പഴയ പോലെ തമ്മില്‍ തല്ലിയിട്ട് ശരിക്കും എന്താണ് ഗുണം, തമ്മില്‍ തല്ലിയിട്ടും കൊന്നിട്ടും എന്തു നേടാന്‍ കഴിയുമെന്നും ധര്‍മ്മജന്‍ ചോദിക്കുന്നു.
ചെറുതായൊന്നു ചിന്തിച്ചാല്‍ പോലും വലിയ മാറ്റം വരും ഈ ചേരി തിരിവിന്റെയൊക്കെ കഴമ്പില്ലായ്മ മനസ്സിലാക്കാന്‍ ഇതു പോലെ ഒരു പ്രളയം വന്നാല്‍ മതിയെന്നും താരം പറയുന്നു.
പക്ഷേ മലയാളികള്‍ ഇതുകൊണ്ടൊന്നും പഠിക്കുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ല. മലയാളിയായതു കൊണ്ട് തന്നെ ഒന്നും പറയാനുമാകില്ല. പഴയതിലേക്കു തിരികെ പോകാതെ കുറേ പേരെങ്കിലും ഈ നന്മ, മനസ്സില്‍ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി ധര്‍മ്മജന്‍ നേരിട്ടിറങ്ങിയിരുന്നു.
എന്നാല്‍ ഇത്തവണ സിനിമയുടെ ഷൂട്ടിനായി ധര്‍മ്മജന്‍ ഇന്‍ഡോറിലായിരുന്നു. എന്നിരുന്നാലും ഗ്യാപ്പുകള്‍ കിട്ടുന്ന സമയത്ത് സജീവമായി രംഗത്തുണ്ടാകുമെന്നും ഇപ്പോഴും കഴിയുന്ന സഹായങ്ങളെല്ലാം എത്തിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഇത്തവണ ദൈവം സഹായിച്ച് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘ധമാക്ക’യുടെ അണിയറ പ്രവര്‍ത്തകരും സുഹൃത്തുക്കളും തൃശൂര്‍ പ്രസ്‌ക്ലബും ചേര്‍ന്ന് 6 ലക്ഷം രൂപയുടെ സാധനങ്ങള്‍ ക്യാംപുകളിലേക്കു കൊടുത്തിട്ടുണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
തന്റെ ‘ധര്‍മൂസ് ഫിഷ് ഹബി’ന്റെ പതിനൊന്നു ഷോപ്പുകളിലും കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ലഭിക്കുന്ന സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കും. കഴിഞ്ഞ പ്രാവശ്യം താനും പിഷാരടിയുമൊക്കെ ചേര്‍ന്ന് ധാരാളം സഹായങ്ങള്‍ പലയിടങ്ങളിലായി എത്തിച്ചിരുന്നുവെന്നും ഇത്തവണയും കഴിവിന്റെ പരമാവധി സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുമെന്നും ധര്‍മ്മജന്‍ പറഞ്ഞു.
Discussion about this post