തിരുവനന്തപുരം: ആഴ്ചകള്‍ക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ തിരുവനന്തപുരം വാമനപുരത്തെ ചെല്ലഞ്ചി പാലത്തിന്റെ അപ്രോച്ച് റോഡില്‍ വിള്ളല്‍. കാലവര്‍ഷം ഇനിയും ശക്തി പ്രാപിച്ചാല്‍ റോഡ് പൂര്‍ണ്ണമായും ഇടിഞ്ഞ് പോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. 17 കോടി രൂപ മുടക്കിയാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് 17 ദിവസത്തിനുള്ളിലാണ് റോഡില്‍ വിള്ളല്‍ കണ്ടെത്തിയത്. മലയോര മേഖലയുടെ യാത്രദുരിതത്തിന് പരിഹാരമായി കഴിഞ്ഞ മാസം 24 നാണ് ചെല്ലഞ്ചിപ്പാലം യാത്രക്കായി തുറന്നുകൊടുത്തത്. വര്‍ക്കലയെയും പൊന്മുടിയെയും ബന്ധിപ്പിക്കുന്ന ഈ പാലം ടൂറിസം മേഖലയ്ക്കും ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ അപ്രോച്ച് റോഡ് തകരുകയായിരുന്നു.
അതേസമയം അപ്രോച്ച് റോഡിനായി എടുത്തിട്ട മണ്ണ് ഉറപ്പിക്കാതെ ടാര്‍ ചെയ്തതാണ് റോഡ് തകരാനുള്ള കാരണം എന്നാണ് വിലയിരുത്തല്‍. 20 മീറ്ററോളം നീളത്തിലാണ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. അതേസമയം വിള്ളല്‍ ഉണ്ടായ സ്ഥലത്ത് നിര്‍മ്മാണം നടത്തിയ കമ്പനി അധികൃതര്‍ പാറപ്പൊടി നിറച്ച് ടാര്‍ ഒഴിച്ച് അടയ്ക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ പിന്മാറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡ് ഇടിഞ്ഞ് താഴാനുള്ള സാധ്യതയുമുണ്ട്. 17 കോടി രൂപയാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ ചെലവ്.
Discussion about this post