കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ ദുരിതാശ്വാസ ക്യാംപുകളിൽ മാതാപിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിവരങ്ങൾ സോഷ്യൽമീഡിയ വഴിയും അല്ലാതേയും പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാർഹം. അഭിഭാഷകയും ബാലാവകാശ കമ്മീഷൻ മുൻ അംഗവുമായ സന്ധ്യ ജനാർദ്ദനൻ പിള്ളയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെടുന്ന കുട്ടികൾ സ്റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവാണെന്നും അവരുടെ തുടർന്നുള്ള കാര്യങ്ങൾ നോക്കേണ്ടത് അതത് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളാണെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു.
പോസ്റ്റ് ഇങ്ങനെ:
ദയവു ചെയ്ത് അച്ഛനമ്മമാർ നഷ്ടപ്പെട്ട് ക്യാമ്പ്കളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിശദാംശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ഇത് ബാല നീതി നിയമത്തിന്റെ 74 ആം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്. പ്രകൃതിക്ഷോഭത്തിൽപെട്ട് എല്ലാം നഷ്ടപെടുന്ന കുട്ടികൾ സ്റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളാണ്. അവരുടെ തുടർന്നുള്ള കാര്യങ്ങൾ നോക്കേണ്ടത് അതത് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളാണ് (CWC). ഇത്തരത്തിൽ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരം ക്യാമ്പ് ഭാരവാഹികൾ /വോളന്റീർമാർ CWC ക്കും പോലീസിനും അടിയന്തിരമായി കൈമാറണം. കുറഞ്ഞ പക്ഷം 1098 എന്ന ചൈൽഡ് ലൈൻ നമ്പറിൽ എങ്കിലും ബന്ധപ്പെടുക. തുടർന്നുള്ള നടപടികൾ അവർ സാധ്യമാക്കും. ഇത്തരത്തിലല്ലാതെ 18 വയസ്സിനു താഴെയുള്ള കുട്ടികളെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകുന്നതോ മറ്റാർക്കെങ്കിലും കൈമാറുന്നതോ എത്ര നല്ല ഉദ്ദേശ ശുദ്ധിയോടു കൂടി ആയിരുന്നാലും മേൽ നിയമ പ്രകാരം ശിക്ഷാർഹമാണ്. ദത്തെടുക്കലും മറ്റും നിയമ പ്രകാരം തന്നെ ആകണം. എല്ലാവർക്കും ഇത്തരം കുട്ടികളെ സഹായിക്കാൻ കഴിയും പക്ഷെ അത് CWC വഴി ആകണമെന്ന് മാത്രം. പ്രളയം ബാധിച്ച ജില്ലകളിലെ CWC കളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളും എല്ലാ ക്യാമ്പുകളും സന്ദർശിച്ചു ഇതൊന്ന് വിലയിരുത്തണം.ക്യാമ്പിൽ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയെയും, കുട്ടിയെ ദത്തെടുക്കാൻ താല്പര്യം കാണിച്ച ദമ്പതിമാരെയും ചേർത്തുവെച്ചുള്ള ഫോട്ടോ കാര്യമായി പ്രചരിക്കുന്നത് കണ്ട് എഴുതിയതാണ്. തെറ്റാണ്. ചെയ്യരുത്. കുട്ടികൾക്ക് നിയമം നൽകുന്ന പരിരക്ഷ നമ്മൾ കാറ്റിൽ പറത്തരുത്. പോസ്റ്റിട്ടുപോയവർ പിൻവലിക്കുമല്ലോ
Discussion about this post