പ്രളയദുരിതാശ്വാസ ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മാനുഷയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛന് മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരോരുമില്ലാതെ ക്യാംപില്‍ കഴിയുന്ന മാനുഷയുടെ കഥകളാണ് നമ്മള് പലരും കേട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ നമ്മള് കേട്ട കഥകള്‍ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.
മാനുഷയും അച്ഛന് രാജുവും രണ്ട് സഹോദരന്മാരും സഹോദരന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുറമ്പോക്കില്‍ കൂരകെട്ടിയാണ് താമസിച്ചിരുന്നത്. തെരുവ് സര്‍ക്കസുകാരായ രാജുവിന്റെ കുടുംബം 22 വര്‍ഷമായി ജീവിച്ച് വരുന്ന കൂര ശക്തമായ കാറ്റില്‍ നിലം പൊത്തി. ഇതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജുവിന്റെ കുടുംബം ചെറൂപ്പ മണക്കാട് പ്രളയദുരിതാശ്വാസ ക്യാംപില്‍ എത്തിയത്.
ക്യാംപില്‍ കഴിയവെ രാജുവിന്റെ രക്തസമ്മര്‍ദം ഉയര്‍ന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജു പോയതോടെ ഒറ്റപ്പെട്ടുപോയ മനുഷയും കുടുംബവും തിരിച്ച് പോകാന്‍ മറ്റൊരിടമില്ലാതെ ക്യാംപില്‍ കഴിയുകയാണ്. അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേക്ക് തിരിച്ചു പോയി. എന്നാല്‍ മനുഷയുടെ വീടിരുന്ന സ്ഥാനത്ത് പ്രളയം ബാക്കിയാക്കിയത് കല്ല് കാലാക്കിയ ഒരു കട്ടില് മാത്രമാണ്.
സ്ഥിരംസംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മനുഷയ്ക്കും കുടുംബത്തിത്തിനും അധികൃതര്‍ അനുവദിച്ചത്. ഇതിനിടെ മാനുഷയുടെ കഥ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത് കണ്ട് പലരും മാനുഷയെ ഏറ്റെടുക്കാന്‍ തയ്യാറായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കളക്ടറുടെ ആള്‍ക്കാരും സ്ഥലത്തെത്തി മാനുഷയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
എന്നാല്‍ മാനുഷയെ വിട്ടുകൊടുക്കാന്‍ സഹോദരന്മാരും ബന്ധുക്കളും തയ്യാറല്ല. മാനുഷയെ ഏറ്റെടുക്കുകയല്ല വേണ്ടത് ആ കുടുംബത്തിന് ഇപ്പോള്‍ ആവശ്യം താമസിക്കാനൊരു സുരക്ഷിതമായ ഇടവും, സാമ്പത്തികമായുള്ള സഹായവുമാണെന്ന് ക്യാംപ് സംഘാടകനും റേഷന്‍ വ്യാപാരി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. മമ്മദലി ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു.
പഠിക്കാന്‍ മിടുക്കിയായ മാനുഷ നിലവില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന മണാക്കാട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മാനുഷയെക്കൂടാതെ മറ്റ് മൂന്ന് കുട്ടികളാണ് ആ കുടുംബത്തിലുള്ളത്. ഇവരുടെയെല്ലാം പഠനത്തിനായുള്ള സഹായം ആ കുടുംബത്തിന് അത്യാവശ്യമാണ്. കൂടാതെ ഇവര്‍ക്ക് വീടുവെച്ച് നല്കാന് നാട്ടുകാരും പഞ്ചായത്തും തയ്യാറാണ് അതിനായി 4 സെന്റ് സ്ഥലം വിട്ട് നല്കാന് പഞ്ചായത്ത് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ മനുഷയ്ക്കും കുടുംബത്തിനും താമസിക്കാന്‍ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനം അനുവദിച്ചതായും മമ്മദലി ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു.
Discussion about this post