കൃഷിഭൂമി കരഭൂമിയാക്കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവം: റിമാന്‍ഡിലുള്ള വനിതാ കൃഷി ഓഫിസറെ സസ്പെന്‍ഡ് ചെയ്തു

കോട്ടയം: ചങ്ങനാശേരിയില്‍ കൃഷിഭൂമി കരഭൂമിയാക്കാന്‍ പ്രവാസിയോട് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനിതാ കൃഷി ഓഫിസറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി കൃഷി ഓഫിസര്‍ കൊല്ലം സ്വദേശിനിയായ വസന്തകുമാരിയെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ചങ്ങനാശേരി കൃഷി ഫീല്‍ഡ് ഓഫിസറായ കൊല്ലം സ്വദേശിനിയായ തിരുവോണം വീട്ടില്‍ വസന്തകുമാരി വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവരെ ചങ്ങനാശേരി കൃഷി ഓഫിസില്‍ എത്തി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപ കൂടാതെ, കണക്കില്‍പ്പെടാത്ത 70,000 രൂപയും ഇവരില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു.

കണക്കില്‍പ്പെടാത്ത കോടികളുടെ ഇടപാടുകള്‍ വസന്തകുമാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച വിജിലന്‍സ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ഏത് മാര്‍ഗത്തില്‍ നിന്നാണ് ലഭിച്ചത് എന്നതിന് കൃത്യമായ വിവരം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഓഫിസില്‍ സ്വന്തം നിലയില്‍ ഇവര്‍ നിയമനം നല്‍കിയ യുവതിയ്ക്ക് 20,000 രൂപ പ്രതിമാസം ശമ്പളം നല്‍കാനുള്ള തുക സമ്പാദിച്ചിരുന്നത് കൈക്കൂലിയില്‍ നിന്നാണെന്ന് വിജിലന്‍സ് കണ്ടെത്തി.

Exit mobile version