കോഴിക്കോട്: പ്രളയക്കെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ ചേര്‍ത്ത് പിടിച്ച് കേരളത്തിന്റെ മനുഷ്യത്വം. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയെ തങ്ങള്‍ ഏറ്റെടുത്തോളാമെന്ന് പറഞ്ഞ് ജതീഷ് എന്ന യുവാവും ഭാര്യയും രംഗത്തെത്തിയത് മനുഷ്യത്വത്തിന്റെ മറ്റൊരു കാഴ്ചയായിരുന്നു. വാടക വീട്ടില്‍ താമസിക്കുന്ന അവര്‍ക്ക് കുട്ടിയെ ദത്തെടുക്കാന്‍ നിയമ തടസ്സങ്ങളുണ്ടാകുമെന്നും, അതിനാല്‍ അവര്‍ക്ക് താന്‍ വീട് നല്‍കാമെന്നും പറഞ്ഞ് ജിജു എന്ന യുവാവും രംഗത്തെത്തിയതും സോഷ്യല്‍ ലോകം സാക്ഷികളായ നന്മയാണ്.
മാനുഷയെ കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെയാണ് ജിതീഷും ഭാര്യയും ചേര്‍ന്നുള്ള ഒരു ചിത്രവും ഒപ്പം ഒരു കുറിപ്പും കമന്റായി ഇട്ടത്. ‘ഇത് ഞാനും എന്റെ ഭാര്യയും. ഞങ്ങള്‍ക്ക് കുട്ടികളില്ല. 11 വര്‍ഷമായി വാടകവീട്ടില്‍ താമസം. ദത്ത് എടുക്കുവാന്‍ താല്‍പര്യം’ എന്നായിരുന്നു കമന്റ്. നിരവധി പേരാണ് ഇതിന് പിന്തുണയുമായി എത്തിയത്.
ഇതിനു പിന്നാലെയാണ് വൈപ്പിന്‍ ഞാറയ്ക്കല്‍ സ്വദേശിയായ ജിജു ജേക്കബ് മൂഞ്ഞേലി എന്നയാള്‍ ‘അവര്‍ക്ക് ദത്തെടുക്കാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്.
കാരണം എന്റെ അറിവനുസരിച്ച് നിലവിലുള്ള നിയമപ്രകാരം സ്വന്തമായി സ്വത്തുക്കളുള്ളവര്‍ക്കേ ദത്തെടുക്കാന്‍ കഴിയുകയുള്ളൂ. മാനുഷയെ ജതീഷും ഭാര്യയും ദത്തെടുക്കുകയാണെങ്കില്‍ എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴയില്‍ നല്ലൊരു ചെറിയ വീട് നല്‍കാം. ആ കുട്ടിയെ കൈവിടരുതെന്ന് ആഗ്രഹമുണ്ട്’. എന്ന് കമന്റിട്ടത്.
ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വൈറലാകുകയായിരുന്നു.
”എന്റെ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷമായി. ഞങ്ങള്‍ക്കൊരു കുഞ്ഞില്ല. ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും സ്വന്തമായി ഒരു കുഞ്ഞില്ലാത്തതിന്റെ സങ്കടം ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സങ്കടം മനസിലാകാറുണ്ട്.
മാനുഷയുടെ നിസഹായാവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നിയിട്ട് തന്നെയാണ് ദത്തെടുക്കാമെന്ന് കമന്റ്ിട്ടത്. ഒരു നേരംപോക്കിന് പറഞ്ഞതല്ല. കുഞ്ഞിനെ സഹായിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ്. ഞാന്‍ കൂലിപ്പണിചെയ്താണ് ജീവിക്കുന്നത്. വലിയ തുക നല്‍കാന്‍ എന്റെ കയ്യില്‍ ഇല്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ കുഞ്ഞിനെ മാന്യമായി നോക്കാന്‍ സാധിക്കുമെന്ന ഉറപ്പുണ്ട്.
കോഴിക്കോട് മാവൂരായിരുന്നു മാനുഷ മോളുടെ ക്യാംപ്. എന്നാല്‍ ക്യാംപ് ഇപ്പോള്‍ പിരിച്ചുവിട്ടെന്നാണ് അറിയുന്നത്. കുട്ടി എവിടെയാണെന്ന് അറിയില്ല. നാളെ ഞാനും എനിക്ക് വീട് വാഗ്ദാനം ചെയ്ത ജിജുവും കൂടി മാവൂരേക്ക് പോകുന്നുണ്ട്. മാനുഷയെ കണ്ടെത്തി സ്വന്തം മകളായി വളര്‍ത്തണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ജിതേഷ് മനോരമന്യൂസ്.കോമിനോട് പറഞ്ഞു.
ജിതേഷിന്റെ നല്ല മനസ് കണ്ടിട്ടാണ് വീട് വാഗ്ദാനം ചെയ്തത്. കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ കൊടുക്കുക തന്നെ ചെയ്യും. വെറുംവാക്കല്ല. ദത്തെടുക്കുന്നവര്‍ക്ക് സ്വന്തമായി സ്വത്ത് വേണം. ആ നിയമവശം അറിയാവുന്നത് കൊണ്ടാണ് വീട് നല്‍കാമെന്ന് പറഞ്ഞത്. അങ്ങനെയെങ്കിലും ആ കുഞ്ഞിന് ഒരു ജീവിതമാകുമല്ലോ. ജിതേഷിനെ ഞാന്‍ വിളിച്ച് സംസാരിച്ചിരുന്നു. അവരുടെ ആഗ്രഹവും സത്യസന്ധമാണ്.
മുംബൈയിലെ ലാത്തൂരില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ ഇതുപോലെ ഒരു കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്. ആ കുഞ്ഞിനെ ദത്തെടുത്തവര്‍ക്കും ആദ്യം വീടില്ലായിരുന്നു. മാനുഷയുടെ അമ്മ ജീവനോടെയുണ്ട്, അവരെ കൂടി നേരിട്ട് കണ്ട് സമ്മതം വാങ്ങേണ്ടതുണ്ട്. ഇതുപോലെയൊരു അവസരത്തില്‍ സര്‍ക്കാര്‍ സംവിധാനം കൂടി വേണ്ടരീതിയില്‍ ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കിയാല്‍ അവര്‍ക്ക് കുഞ്ഞിനെ ലഭിക്കുമെന്ന് ജിജു പറയുന്നു.
കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ മാനുഷയുടേയും കുടുംബത്തിന്റെയും പുറമ്പോക്കിലെ കൂര തകര്‍ന്നതോടെയാണ് മാവൂര്‍ മണക്കാട് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇവരെത്തിയത്. എന്നാല്‍ അച്ഛന്‍ രാജു ദുരിതാശ്വാസ ക്യാമ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. തെരുവ് സര്‍ക്കസുകാരനായിരുന്നു രാജു. എന്നാല്‍, ഇതോടെ ആശ്രയമില്ലാതായ മാനുഷയ്ക്കും സഹോദരങ്ങള്‍ക്കും എങ്ങോട്ട് പോകണമെന്ന് അറിയാത്ത നിലയിലായിരിക്കുന്ന അവസ്ഥയിലാണ് സോഷ്യല്‍ലോകം നന്മ മനസ്സുമായി ഒന്നിച്ചത്.
Discussion about this post