ആലപ്പുഴ: ഈ പ്രളയകാലത്ത് മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ ഫുട്പാത്ത് കച്ചവടക്കാരനായ നൗഷാദ് ആണ്. തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് നൗഷാദ് കാരുണ്യത്തിന്റെ മറുവാക്കായത്.
നൗഷാദിന് പിന്നാലെ തൃശ്ശൂരിലെ ആന്റോ ചേട്ടനും മനുഷ്യത്വം വറ്റിയിട്ടില്ലെന്ന് തെളിയിച്ചത് കടയിലെ ഭൂരിഭാഗം വസ്ത്രങ്ങളും സംഭാവന നല്‍കിയാണ്. ചാലക്കുടിയിലെ ആന്റോ ഫേഷന്‍ വെയര്‍ എന്ന തുണിക്കടയുടെ ഉടമസ്ഥനായ ആന്റോയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളെല്ലാം അവഗണിച്ച് ദുരിതബാധിതര്‍ക്കായി കൈകോര്‍ക്കുകയാണ് നാട്. നമുക്കറിയാത്ത ഒരുപാട് നൗഷാദുമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുന്നുണ്ട്. അതില്‍ ഒരാളാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അബ്ദുള്ള.
സ്വന്തം തുണിക്കടയിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കിയാണ് അബ്ദുള്ള മാതൃകയായിരിക്കുന്നത്. ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ട് കൊണ്ടുവന്ന
കടയിലെ മുഴുവന്‍ വസ്ത്രങ്ങളാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങളാണ് ഏറെയും.
ഒരു വര്‍ഷം മുമ്പ് മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായിട്ടാണ് അബ്ദുള്ളയുടെ ഈ കാരുണ്യം. ദുരിതം രൂക്ഷമായ വടക്കന്‍ ജില്ലകളിലെ ക്യാമ്പുകളിലേക്കാണ് തുണികള്‍ നല്‍കുന്നത്. ഓരോ ക്യാമ്പിന്റെയും ആവശ്യങ്ങള്‍ അറിഞ്ഞാണ് വിതരണം. കൂടാതെ കുടിവെള്ളവും ഭക്ഷണസാധനങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.
Discussion about this post