തിരുവനന്തപുരം: പ്രളയദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ആഹ്വാനം ചെയ്ത് മന്ത്രി കെടി ജലീല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുംബത്തിന്റെ പങ്കായി രണ്ട് ലക്ഷംരൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തേതുപോലെ താനും ഭാര്യയും ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കൂടാതെ, ഓരോരുത്തരും അവരവര്‍ക്ക് കഴിയും വിധം സഹായങ്ങള്‍ നിരാലംബര്‍ക്ക് നല്‍കണം. എന്നെങ്കിലും ഒരു ദുരന്തം നമ്മളെ തേടിയെത്തിയാല്‍ നമുക്ക് കൈതാങ്ങാകാന്‍ ആളുകളുണ്ടാകണമെങ്കില്‍ സര്‍വസ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീര് കാണണമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.
മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒരു നയാപൈസ പോലും ദുര്‍വിനിയോഗം ചെയ്യപ്പെടില്ല. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ അതെത്തിയിരിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട്.
”ഞങ്ങൾ ഓരോ ലക്ഷം നൽകും. നിങ്ങളും ആവുന്നത് നൽകുക.
—————————————-
ഇരട്ടപ്രഹരം പോലെ വന്നുഭവിച്ച ആപത്തിൽ നാടിന്റെ കൂടെ നിൽക്കേണ്ടത് എല്ലാ മനുഷ്യ സ്നേഹികളുടെയും ചുമതലയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വർഷത്തേതുപോലെ ഞാനും ഭാര്യയും ഓരോ ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോരുത്തരും അവരവർക്ക് കഴിയും വിധം നിരാലംബരെ സഹായിക്കുക. എന്നെങ്കിലും ഒരു ദുരന്തം നമ്മളെ തേടിയെത്തിയാൽ നമുക്ക് കൈതാങ്ങാകാൻ ചുറ്റുവട്ടത്ത് ആളുകളുണ്ടാകണമെങ്കിൽ സർവസ്വവും നഷ്ടപ്പെട്ടവരുടെ കണ്ണീരും വേദനയും കാണാൻ നമുക്കുമാവണം. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു നയാപൈസ പോലും ദുർവിനിയോഗം ചെയ്യപ്പെടില്ല. അർഹതപ്പെട്ടവരുടെ കൈകളിൽ അതെത്തിയിരിക്കും.
ഏതെങ്കിലും മതക്കാരെ മാത്രമോ ജാതിക്കാരെ മാത്രമോ പാർട്ടിക്കാരെ മാത്രമോ സഹായിക്കലാണ് ആരുടെയെങ്കിലും ഉദ്ദേശമെങ്കിൽ അവർക്കു മറ്റു വഴികൾ തേടാം.
നിരവധി സംഘടനകൾ പലതരത്തിലുളള പിരിവുകളും കഴിഞ്ഞ പ്രളയകാലത്ത് നടത്തിയത് ഓർക്കുന്നുണ്ടാകുമല്ലോ? അവർ ആർക്കൊക്കെയാണ് സഹായങ്ങൾ ചെയ്ത് കൊടുത്തത്? എത്രപേർക്കാണ് അവർ വീടുകൾ നിർമ്മിച്ചു നൽകിയത്? വല്ല കണക്കും കയ്യുമുണ്ടോ? ആരെങ്കിലും അതേക്കുറിച്ച് അവരോട് അന്വേഷിച്ചോ? വിവരാവകാശ നിയമപ്രകാരം അത്തരം സംഘടനകളോട് നമുക്ക് അപേക്ഷ നൽകി കണക്ക് ചോദിക്കാനാകുമോ? വർത്തമാനകാലത്ത് സ്വന്തമായി വെബ്സൈറ്റുകളില്ലാത്ത സംഘടനകളില്ലെന്ന് ആർക്കാണറിയാത്തത്? എത്ര സംഘടനകൾ അവർ നടത്തിയ പിരിവിന്റെ വിവരങ്ങൾ അവരവരുടെ സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്? സഹായം കൈപറ്റിയ ഗുണഭോക്താക്കളുടെ വിലാസം ഇതുവരെയായി വെളിപ്പെടുത്തിയിട്ടുണ്ടോ?
പ്രളയത്തിന്റെ പേരു പറഞ്ഞ് സ്വന്തമായി പിരിവ് നടത്തിയവർ മൊത്തം പിരിഞ്ഞ് കിട്ടിയതിന്റെയോ ചിലവഴിച്ചതിന്റെയോ കണക്ക് എവിടെയാണ് ബോധിപ്പിച്ചിട്ടുള്ളത്? എന്നാൽ CMDRF ലേക്ക് ആരൊക്കെ എത്രയൊക്കെ സംഭാവന നൽകി എന്നുള്ളതും ഏത് ഇനത്തിലാണ് അവ ചിലവിട്ടതെന്നുള്ളതും സർക്കാരിന്റെ വെബ്സൈറ്റിൽ പോയാൽ ഏത് കൊച്ചുകുട്ടിക്കും കിട്ടും. അതുമല്ലെങ്കിൽ RTA പ്രകാരം അപേക്ഷിച്ചാൽ വിശദമായ വിവരങ്ങൾ ലഭിക്കും.
നല്ല മനസ്സോടെ രംഗത്തുള്ള ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെ മുക്തകണ്ഡം നമുക്ക് പ്രശംസിക്കാം. ആവശ്യമായ സൗകര്യങ്ങൾ അവർക്ക് ഒരുക്കിക്കൊടുക്കുകയും ചെയ്യാം. സ്വന്തം ചിലവിലെത്തി ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ യുവാക്കളുടെ വിശാല മനസ്കതക്കു മുന്നിൽ ആദരവോടെ നമുക്ക് കൈകൂപ്പി നിൽക്കാം.
പ്രകൃതി ദുരന്തം പോലും പിണറായി വിരോധം പ്രചരിപ്പിച്ച് ധനശേഖരണ സാദ്ധ്യതയുടെ കലയാക്കി മാറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ചിലരുടെ തനിനിറം കാണാതെ പോയിക്കൂട. ദുരിതം പേറുന്നവരുടെ ദുഃഖങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും മതിലുകൾ കെട്ടി വേർതിരിവുണ്ടാക്കലാണ് മനസ്സ് മലീമസമായ ഇക്കൂട്ടരുടെ ലക്ഷ്യം. ദുരന്ത മുഖത്തും ഹിന്ദുവിനെയും മുസൽമാനെയും കൃസ്ത്യാനിയേയും തിരയാൻ പാടുപെടുന്നവർ മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്. വേദനയുടെ സന്ദർഭങ്ങൾ പോലും ധന സമാഹരണത്തിനും ശേഖരിച്ചു കിട്ടുന്ന പണം സ്വന്തം കീശയിലാക്കാനും ദുരന്തേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയാതെ പോകരുത്. അച്ചടി ഭാഷയും കുപ്പായത്തിന്റെ നിറവും വിശ്വാസാഭിമുഖ്യം വെളിപ്പെടുത്തുന്ന പ്രകടനപരതയും കണ്ട് മാത്രം ആരുടെയും കെണിയിൽ വീഴാതെ നോക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ അത് ദുർവ്യയം ചെയ്യപ്പെടുമെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം പകൽ വെളിച്ചം പോലെ വ്യക്തമാണ്. വെടക്കാക്കി തനിക്കാക്കുക.
പത്ത് പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാത്തവരും സംഭാവന കൊടുക്കാൻ സന്നദ്ധരായ ശുദ്ധഗതിക്കാരെ നിരുൽസാഹപ്പെടുത്തിയവരും സാലറി ചാലഞ്ചിൽ പങ്കെടുക്കാതെ മാറിനിന്ന് പ്രളയാനന്തര റിലീഫ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചവരും ദുരിതബാധിതർക്ക് കൊടുക്കേണ്ട സഹായത്തെ കുറിച്ച് വാചാലരാകുന്നത് കാണുമ്പോൾ ഉള്ളിൽ പരിഹാസം കലർന്ന ചിരിയാണ് വരുന്നത്. വർഗീയ വാദികളും വലതുപക്ഷ രാഷട്രീയക്കാരും ഒറ്റമനസ്സോടെയാണ് സർക്കാരിനെതിരായ കുപ്രചരണങ്ങളിൽ അണിചേർന്നിരിക്കുന്നത്. ഈ സർക്കാർ എല്ലാവരുടേതുമാണ്. ആരെയും മാറ്റി നിർത്തില്ല. നെഞ്ചോട് ചേർത്ത് വെക്കുകയേ ഉള്ളൂ. സഹകരിച്ചവരെന്നോ നിസ്സഹകരിച്ചവരെന്നോ നോക്കില്ല. അർഹതപ്പെട്ടത് അർഹരായവർക്കെല്ലാം എത്തിക്കും. മതവും ജാതിയും പാർട്ടിയും പരിഗണിക്കില്ല. അതാണ് ഇടതുപക്ഷ ഗവൺമെന്റ്”.
Discussion about this post