‘ഇവിടെ ചെയ്യാം’ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിസ്‌കാര ഹാള്‍ തുറന്ന് കൊടുത്ത് പോത്തുകല്ലിലെ മുജാഹിദ് പള്ളി

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു.

പോത്തുകല്ല്: മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിസ്‌കാര ഹാള്‍ തുറന്ന് കൊടുത്ത് പോത്തുകല്ലിലെ മുജാഹിദ് പള്ളി. കവളപ്പാറയിലാണ് സംഭവം. പോസ്റ്റ്മോര്‍ട്ടം സൗകര്യമുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റര്‍ ദൂരത്താണെന്നുള്ളത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുന്നതിന് കാരണമായതിനെ തുടര്‍ന്നാണ് പള്ളിയുടെ ഒരു ഭാഗം തുറന്ന് കൊടുത്തത്.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാല്‍ ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല.

ഈ സാഹചര്യം കണക്കിലെടുത്താണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതര്‍ സമീപിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൂര്‍ണ്ണ സമ്മതം അറിയിച്ചു. പിന്നാലെ ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ ഒരുക്കി കൊടുത്തു. വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്.

Exit mobile version