മാവൂര്‍: പ്രളയദുരിതാശ്വാസ ക്യാംപില്‍ കഴിയവെ മരിച്ച രാജുവിന്റെ മകള്‍ മനുഷയെ എറ്റെടുക്കാന്‍ തയ്യാറായി ന്യൂസിലന്‍ഡിലെ മലയാളി. ന്യൂസിലന്‍ഡില്‍ ജോലിചെയ്യുന്ന രതീഷാണ് മനുഷയെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചത്. ചെറൂപ്പ മണക്കാട് പ്രളയദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ് മനുഷയും കുടുംബവും ഇപ്പോള്‍.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജുവും മനുഷയടക്കമുള്ള കുടുംബാംഗങ്ങളും അഭയം തേടി മണക്കാട് സ്‌കൂളിലെ ക്യാംപില്‍ എത്തിയത്. തെരുവ് സര്‍ക്കസുകാരായ രാജുവിന്റെ കുടുംബം 22 വര്‍ഷമായി ജീവിച്ച വരുന്ന പുറമ്പോക്ക് ഭൂമിയിലെ കൂര ശക്തമായ കാറ്റില്‍ നിലംപൊത്തിയിരുന്നു. ക്യാംപില്‍ കഴിയവെ രാജുവിന്റെ രക്തസമ്മര്‍ദം ഉയര്‍ന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജു പോയതോടെ ഒറ്റപ്പെട്ടുപോയ മനുഷയും കുടുംബവും തിരിച്ച് പോകാന്‍ മറ്റൊരിടമില്ലാതെ ക്യാംപില്‍ കഴിയുകയാണ്. പ്രളയജലം ഇറങ്ങിയപ്പോള്‍
അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ 1300 പേരും വീടുകളിലേക്ക് തിരിച്ചു പോയി. എന്നാല്‍ മനുഷയുടെ വീടിരുന്ന സ്ഥാനത്ത് പ്രളയം ബാക്കിയാക്കിയത് കല്ല് കാലാക്കിയ ഒരു കട്ടില്‍ മാത്രമാണ്.
സ്ഥിരംസംവിധാനം ഉണ്ടാകുന്നതുവരെ താമസിക്കാന്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണിപറമ്പ് വൃദ്ധസദനമാണ് മനുഷയ്ക്കും കുടുംബത്തിത്തിനും അധികൃതര്‍ അനുവദിച്ചത്. മനുഷയുടേയും കുടുംബത്തിന്റെയും ദുരിതജീവിതം മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണ്ടറിഞ്ഞാണ് ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന രതീഷ് മനുഷയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്. തിരുവനന്തപുരത്തുള്ള കുടുംബവുമായി കളക്ടര്‍ എസ്. സാംബശിവറാവു ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.