നിമിഷ നേരം കൊണ്ട് ഇല്ലാതായത് ഒരു ഗ്രാമം; 80 വീടുകളുണ്ടായിരുന്ന പ്രദേശത്ത് ബാക്കിയായത് 11 എണ്ണം മാത്രം

മറ്റ് വീടുകളെല്ലാം ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി

പുത്തുമല: അപ്രതീക്ഷിത ദുരന്തത്തില്‍ ഇല്ലാതായത് പുത്തുമലയെന്ന ചെറുഗ്രാമം. എണ്‍പതോളം വീടുകളായിരുന്നു മേലെ പച്ചക്കാട്, പച്ചക്കാട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാക്കിയായത് പതിനൊന്നെണ്ണം മാത്രം. മറ്റ് വീടുകളെല്ലാം ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായി.

കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും വെള്ളവുമെല്ലാം നിമിഷ നേരം കൊണ്ടാണ് പുത്തുമലയെന്ന ഗ്രാമത്തെ തൂത്തെറിഞ്ഞത്. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉരുള്‍പൊട്ടലുണ്ടാവുന്നതിന്റെ തലേദിവസം പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. മുന്നൂറിലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്.ആളുകളെ ഒഴിപ്പിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ഉരുള്‍പൊട്ടി.

ഇനിയൊരിക്കലും ജനവാസം സാധ്യമാകാത്ത വിധം പച്ചക്കാട് തകര്‍ന്നടിഞ്ഞു. പ്രാഥമിക കണക്കുകളനുസരിച്ച് പച്ചക്കാട് മേഖലയില്‍ 54 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഭാഗികമായി തകര്‍ന്നവ ഉപയോഗ ശൂന്യമാണ്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടോടിയവര്‍ക്ക് പലര്‍ക്കും തങ്ങളുടെ പ്രദേശത്തിന്റെ നിലവിലുള്ള അവസ്ഥയെപ്പറ്റി അറിയില്ല.

Exit mobile version