വയനാട്: കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കി ചെറുതോണി പാലത്തിന് മുകളിലൂടെ പിഞ്ചു കുഞ്ഞിനെയും എടുത്ത് നെഞ്ചിലേറ്റിയ ആ രക്ഷകനെ മലയാള മണ്ണ് മറന്നു കാണാന്‍ ഇടയില്ല. ആ രംഗം തകര്‍ന്നു വീണ കേരളത്തിന് ഉയര്‍ത്ത് എണീക്കാനുള്ള ഒരു പ്രചോദനവും ആവേശവുമായിരുന്നു. അങ്ങനെ ആവേശമായ ആ രക്ഷകന്റെ സേവനം ഇപ്പോള്‍ പുത്തുമലയിലും ലഭ്യമായിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനാംഗമായ കനയ്യ കുമാറായിരുന്നു അത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അതിസാഹസികമായാണ് അദ്ദേഹം ചെറുതോണി പാലം മുറിച്ചുകടന്നത്. കനത്ത മഴയില്‍ കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ തെല്ലും ഭയമില്ലാതെ കുഞ്ഞിനെയും നെഞ്ചിലേറ്റി പായുകയായിരുന്നു അദ്ദേഹം. അന്ന് ആ സാഹസികതയ്ക്ക് നിറകൈയ്യടികളാണ് ലഭിച്ചത്. കേരളക്കര മനസറിഞ്ഞ് നന്ദി പറയുകയും ചെയ്തു. ഇപ്പോള്‍ ആ രക്ഷകന്റെ സേവനം ഉരുള്‍പൊട്ടല്‍ നാശം വിതച്ച പുത്തുമലയ്ക്ക് ലഭ്യമായിരിക്കുകയാണ്.
കഴിഞ്ഞ നാല് ദിവസമായി ബിഹാറുകാരനായ കനയ്യ വയനാട്ടില്‍ തമ്പടിച്ചിരിക്കുകയാണ്. എന്‍ഡിആര്‍എഫിന്റെ നാലാം ബറ്റാലിയനോടൊപ്പമാണ് കനയ്യ കേരളത്തില്‍ എത്തിയത്. ഇത്രയും വലിയ ഉരുള്‍പൊട്ടല്‍ ഇതാദ്യമായാണ് കേരളക്കര നേരിടുന്നത്. അവസാനത്തെ ആളെയും കണ്ടെത്താനാണ് താന്‍ ഇവിടെ എത്തിയതെന്ന് കനയ്യ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് തരുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കനയ്യയുടെ നേതൃത്വത്തില്‍ പ്രദേശത്തുനിന്ന് ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കഴിഞ്ഞ വര്‍ഷം പ്രളയം വിഴുങ്ങിയ ഇടുക്കിയില്‍ നിന്നായിരുന്നു പനിച്ച് വിറയ്ക്കുന്ന കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കനയ്യ ജീവിതത്തിന്റെ കരയിലേയ്ക്ക് ഓടി കയറിയത്. വാഴയ്ത്തോപ്പ് പഞ്ചായത്തിലെ വിജയ രാജുവിന്റെയും മഞ്ജുവിന്റെയും മകന് സൂരജിനെയാണ് കനയ്യ സാഹസികമായി രക്ഷിച്ചത്.