എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും; ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തി ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

മലപ്പുറം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യംപുകളും സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി, സര്‍ക്കാര്‍ കൈവിടില്ലെന്ന് ഉറപ്പും നല്‍കിയാണ് മുഖ്യമന്ത്രി ക്യാപുകളില്‍ നിന്നിറങ്ങിയത്.

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുമെന്നും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയുടെയും പുത്തുമലയുടെയും ദുരന്തക്കാഴ്ചകള്‍ നിരീക്ഷിച്ചാണ് അദ്ദേഹം ക്യാപുകളിലെത്തി ആശ്വാസം പകര്‍ന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ ചേര്‍ത്തുപിടിച്ച് അദ്ദേഹം സമാശ്വസിപ്പിച്ച കാഴ്ച ഏവരുടെയും കരളലിയിച്ചു.

ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും മറ്റു കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ഉചിതമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കുമെന്നും രണ്ടാം പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് മന്ത്രി കെടി ജലീലിന്റെ കുറിപ്പ്:

ആശ്വാസ കിരണമായി മുഖ്യമന്ത്രി എത്തി
—————————————-
മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും തീർത്ത ദുരിതക്കയം കാണാനും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ജീവിത സമ്പാദ്യം മുഴുവൻ പ്രളയം തട്ടിത്തകർത്ത് കൊണ്ട് പോയത് കണ്ട് നെഞ്ച് തകർന്നവരെയും കാണാൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വയനാട്ടിലും കവളപ്പാറയിലും പോത്തുകല്ലിലുമെത്തി. സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കി അദ്ദേഹം മടങ്ങിയത് ദുരിത ബാധിതർക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. താഴ്ന്നു പറന്ന വ്യോമസേനയുടെ ഹെലികോപ്റ്ററിലിരുന്ന് ദുരന്തക്കാഴ്ചകൾ കണ്ട ദു:ഖഭാരത്താലാണ് മുഖ്യമന്ത്രി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

ജീവൻ പൊലിഞ്ഞവരെ ഓർത്തും സർവവും പ്രകൃതി ഊറ്റിയെടുത്ത നിസ്സഹായരെ സർക്കാർ കൈവിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞുമാണ് പിണറായി വിജയൻ സംസാരിച്ചു തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായി താമസിക്കാൻ സ്ഥലവും വീടും ഉറപ്പാക്കാൻ ശ്രമിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ജനങ്ങൾക്ക് നൽകിയ സാന്ത്വനം വിവരണാതീതമായിരുന്നു. സൂക്ഷിച്ച് കാര്യങ്ങൾ പറയുകയും പറഞ്ഞത് പ്രാവർത്തികമാക്കുകയും ചെയ്യുമെന്നുറപ്പുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ സശ്രദ്ധം സദസ്സ് കേട്ടിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ച് അദ്ദേഹം സമാശ്വസിപ്പിച്ച കാഴ്ച ഏവരുടെയും കരളലിയിച്ചു. കവളപ്പാറയിൽ നിന്ന് നേരെ പോത്തുകല്ല് പഞ്ചായത്ത് ഓഫീസിലേക്കാണ് പോയത്. മുഖ്യമന്ത്രിയും റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിലമ്പൂർ എം.എൽ.എ പി.വി. അൻവറും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം എത്തിയപ്പോൾ ജില്ലയിലെ ഒട്ടുമിക്ക എം.എൽ.എ മാരും അവിടെ സന്നിഹിതരായിരുന്നു. ആരും ഭയപ്പെടേണ്ടെന്നും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം ജനപ്രതിനിധികളെ അറിയിച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും മറ്റു കഷ്ട നഷ്ടങ്ങൾ സംഭവിച്ചവർക്കും ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും രണ്ടാം പ്രളയത്തിൽ തകർന്ന പ്രദേശങ്ങളെ പൂർവസ്ഥിതിയിലാക്കാൻ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. നാളെ ക്യാബിനറ്റ് ഉള്ളതിനാൽ ഞാനും ഉന്നത തല സംഘത്തോടൊപ്പം എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രയാസമനുഭവിക്കുന്ന മനുഷ്യരെക്കുറിച്ചാണ് യാത്രാ മദ്ധ്യേ പിണറായി സംസാരിച്ചത്. അർഹമായ നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റിൽ തീരുമാനിച്ച് കാലതാമസം കൂടാതെ ബന്ധപ്പെട്ടവർക്കെത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞുവെച്ചപ്പോൾ ഒരു ഭരണാധികാരിയുടെ യഥാർത്ഥ ഉത്തരവാദിത്വം എന്താണെന്ന് ഒരിക്കൽ കൂടി എനിക്ക് ബോദ്ധ്യമായി. കുറച്ച് സംസാരിച്ച് ഉറച്ച തീരുമാനങ്ങൾ എടുത്ത് സമയ ബന്ധിതമായി നടപ്പാക്കലാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭരണത്തലവൻ പറയാതെ പറഞ്ഞുവെച്ചപ്പഴേക്ക് ഞങ്ങൾ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു.

Exit mobile version