നിലമ്പൂര്‍: സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടത് രക്ഷാപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ നടുക്കി. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നുമാണ് ഈ നടുക്കുന്ന കാഴ്ച. ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്നു താന്നിക്കല്‍ പ്രിയദര്‍ശന്‍. ഇയാള്‍ക്കായുള്ള അന്വേഷണം നടന്നു വന്നിരുന്നു.
തിങ്കളാഴ്ചയാണ് മൃതദേഹം വീട്ടുമുറ്റത്ത് ഇരിക്കുന്ന ബൈക്കില്‍ നിന്ന് കണ്ടെത്തിയത്. ഇരുന്ന ബൈക്കില്‍ നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുന്‍പാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടെയാണ് ഉരുള്‍പ്പൊട്ടിയത്. നിമിഷ നേരംകൊണ്ട് പ്രിയദര്‍ശനെയും വീടിനെയും മണ്ണെടുത്തു.
തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. പക്ഷേ മുറ്റത്തെത്തിയപ്പോഴേയ്ക്കും അപകടം സംഭവിച്ചുവെന്നും ഇവര്‍ പറയുന്നു. വീടിനകത്ത് പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി. അമ്മൂമ്മയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
Discussion about this post