തൃശ്ശൂര്‍: ചികിത്സയ്ക്കെത്തിയ യുവതിക്ക് ചികിത്സാപിഴവുമൂലം ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. അനസ്തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയില്‍ തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അനീഷയ്ക്ക് തൃശ്ശൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് അനസ്തേഷ്യ നല്‍കിയത്.
ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. അനീഷ മുതുകില്‍ കുരു വന്നതിനെ തുടര്‍ന്നാണ് സഹകരണ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദേശിച്ചു. ഓപ്പറേഷനു മുന്നോടിയായി അനീഷയ്ക്ക് അനസ്തേഷ്യ നല്‍കുകയും തുടര്‍ന്ന് കൈ തടിച്ചു വരികയും അനീഷ ബോധരഹിതയായതായും ചെയ്തു. എന്നാല്‍ ഇതു വകവെക്കാതെ ഡോക്ടര്‍മാര്‍ ഓപ്പറേഷന് നടത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീട്ടുകാരുടെ പരാതിയില്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണന്, ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തേഷ്യ നല്‍കിയതില്‍ മനഃപ്പൂര്‍വമായ പിഴവുണ്ടായി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തങ്ങളുടെ ഭാഗത്തു നിന്നും പിഴവുണ്ടായിട്ടില്ലെന്നും എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അനീഷ തൃശ്ശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.
Discussion about this post