ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം എന്ന സുപ്രീംകോടതി ചരിത്ര വിധിയ്ക്കെതിരായ49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിലാണ് ഹരജികള്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കുന്നത്. ഇതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹര്‍ജികള്‍ തുറന്നകോടതിയിലും കേള്‍ക്കും.
ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. പരിശോധന സമയത്ത് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്, പിസി ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.
പുനഃപരിശോധനാ ഹര്‍ജികളുടെ സാധ്യതകള്‍ ഇങ്ങനെ…..
1. ഹരജികള്‍ ചേംബറില്‍ വെച്ചുതന്നെ തള്ളാം.
2. ഹരജികളില്‍ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാല്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനായി മാറ്റിവെക്കാം.
3. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.
റിട്ട് ഹര്‍ജികളുടെ സാധ്യതകള്‍
1. റിട്ട് ഹര്‍ജിയിലെ വിധിക്കെതിരായ ഹര്‍ജികളായതിനാല്‍ തള്ളാം.
2. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം കേള്‍ക്കാന്‍ തീരുമാനിക്കാം. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം.
3. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാല്‍, വിശാല ബെഞ്ചിന് വിടാം.
പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ കോടതിയില്‍തന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഹരജികള്‍ ചേബറിലാണ് പരിഗണിക്കുക എന്ന കാര്യത്തില്‍ ഇന്നലെ വ്യക്തത വന്നു.
Discussion about this post