മങ്കൊമ്പ്: വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ വാഹനങ്ങളൊന്നുമില്ലാത്തതിനാല്‍ പതിനേഴുദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി അവശയായ അമ്മ റോഡില്‍ കാത്തുനിന്നത് ഒന്നര മണിക്കൂര്‍. വേഴപ്ര കുഴിക്കാല കോളനിയിലെ സിമിക്ക് പ്രസവശേഷമുള്ള ആരോഗ്യപ്രശ്‌നം കലശലായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്താന്‍ വാഹനമൊന്നും കിട്ടാതെ റോഡരികില്‍ കാത്തു നില്‍ക്കേണ്ടി വന്നത്.
ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മഴ കനത്തതോടെ ഇവിടെ വെള്ളം കയറിയ അവസ്ഥയിലാണ്. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ഇതിനിടെയാണ് സിമിക്ക് ആരോഗ്യപ്രശനം കലശലായത്. ഒപ്പമുള്ളത് പ്രായമായ അച്ഛനും, അമ്മയും പതിനേഴ് ദിവസം പ്രായമായ കൈക്കുഞ്ഞും മാത്രം.
വെള്ളത്തിലൂടെ നടന്ന് വേഴപ്രയിലെ കോളനിയില്‍നിന്ന് രാമങ്കരി ജങ്ഷന്‍ വരെ എങ്ങനെയൊ എത്തിപ്പെട്ടു. വഴിയേ പോകുന്ന വണ്ടികള്‍ ഒന്നും നിര്‍ത്തുന്നില്ല. ആംബുലന്‍സ് നാലുകിലോമീറ്റര്‍ അകലെയാണ് കിടക്കുന്നത്. അവിടെ വരെ എത്തിപ്പെടാന്‍ സഹായത്തിനായി പോലീസിനെ വിളിച്ചപ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്തുമായിരുന്നു. റോഡില്‍ വെള്ളം ഉയര്‍ന്നതിനാല്‍ എടത്വായില്‍നിന്ന് അമ്പലപ്പുഴ വഴിയാണ് ആംബുലന്‍സ് ഒന്നാംങ്കരയിലെത്തിയത്.
പല അടിയന്തര ഫോണ്‍ കോളുകളും ഒഴിവാക്കി ആംബുലന്‍സിന്റെ ജീവനക്കാരായ അനു ഉണ്ണികൃഷ്ണനും, കുര്യാക്കോസിനും കുഞ്ഞിനെയും സിമിയെയും കാത്തുകിടന്നു. ഒടുവില്‍ ഒന്നരമണിക്കൂറിനുശേഷം അകലെനിന്ന് പോലീസ് ജീപ്പെത്തി. സിമിയെയും കുഞ്ഞിനെയും ജീപ്പില്‍ കയറ്റി പോലീസ് വളരെവേഗം ആംബുലന്‍സിന് അടുത്തേക്ക് കുതിച്ചു.
അപ്പോഴേക്കും സിമി അവശയായി. എങ്കിലും പിഞ്ചോമനയെ പൊതിഞ്ഞ് മാറോടടുപ്പിച്ച് അവര്‍ ജീപ്പില്‍നിന്നിറങ്ങി. ഉടന്‍തന്നെ സിമിയെ ആംബുലന്‍സില്‍ കിടത്തി വളരെവേഗം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച് ചികിത്സ നല്‍കി. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് ഈ പ്രദേശത്ത് വെള്ളം കയറാനുള്ള കാരണം.