കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് കച്ചവടത്തിന് കൊണ്ടുവച്ച വസ്ത്രങ്ങളെല്ലാം നല്കി മഹാമാതൃകയായ നൗഷാദിന് സ്നേഹ സമ്മാനവുമായി പ്രവാസി വ്യവസായി. ഒന്നുമില്ലായ്മയില്‍ നിന്നും പോലും നിറഞ്ഞ മനസ്സോടെ ദുരിതബാധിത സഹായിച്ച നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുഎഇയിലെ സ്മാര്‍ട്ട് ട്രാവല്‍ മനേജിങ് ഡയറക്ടര്‍ അഫി അഹമ്മദ് അറിയിച്ചു.
കൂടാതെ, ലോകത്തിന് നല്ലൊരു സന്ദേശം പകര്‍ന്നു നല്കിയ നൗഷാദിനെ ദുബായ് കാണാന്‍ ക്ഷണിക്കുകയാണെന്നും അതിനുള്ള എല്ലാ ചെലവുകളും സ്മാര്‍ട്ട് ട്രാവല്‍ ഏറ്റെടുക്കയാണെന്നും അഫി അഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
എറണാകുളം ബ്രോഡ്വേയില് വഴിയോര കച്ചവടം നടത്തുന്ന നൗഷാദാണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് തന്റെ കടയില്‍ നിന്നും ചാക്കു കണക്കിന് തുണിത്തരങ്ങള്‍ നല്‍കിയത്. ‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’ എന്ന് പറഞ്ഞ നൗഷാദിന്റെ സന്മനസ് നടന് രാജേഷ് ശര്‍മയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.
നേരത്തെ, നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി 50,000 രൂപ അദ്ദേഹത്തിനായി നല്‍കുമെന്ന് അറിയിച്ചിരുന്നു.
Discussion about this post