ഇരിങ്ങാലക്കുട: അപ്രതീക്ഷിതമായെത്തിയ രണ്ടാം പ്രളയത്തിന്റെ ഞെട്ടലിലാണ് കേരളക്കര. എങ്കിലും ദുരന്തനിമിഷം അറിഞ്ഞ മുതല്‍ ഒരുനിമിഷംപോലും പാഴാക്കാതെ എല്ലാവരും ഒറ്റക്കെട്ടായ് നിന്ന് മുന്നൊരുക്കം നടത്തിയതുകൊണ്ട് ഒഴിവായത് വന്‍ ദുരന്തമാണ്. ഒരുകൂട്ടം യുവാക്കള്‍ അര്‍ധരാത്രിയിലും ഉണര്‍ന്ന് പ്രവൃത്തിച്ചതുകൊണ്ട് ഇരിങ്ങാലക്കുടയില്‍ രക്ഷപ്പെട്ടത് മൂന്നൂറോളം കുടുംബങ്ങളാണ്.
വിള്ളല്‍ വീണ കെഎല്‍ഡിസി കനാല്‍ ബണ്ടില്‍ അര്‍ധരാത്രിയില്‍ മണല്‍ ചാക്കുകൊണ്ട് തടയണ കെട്ടി നിരവധി പേരുടെ ജീവന് രക്ഷിച്ചതിനെ കുറിച്ചുള്ള അഡ്വ. വൈശാഖന്റെ കുറിപ്പ് ഇതിനകം വൈറലായിരിക്കുകയാണ്.
”ഇതൊരു ലൊക്കേഷനാണ് ഇന്നലെ 7.40ന് കൃത്യമായി പറഞ്ഞാൽ ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രക്കിടയിൽ അയച്ച് കിട്ടിയത്..എത്തിപ്പെടേണ്ടിയിരുന്നത് ഹരിപുരം പാലം…ശ്രീലാൽ ജില്ലാ സെന്റർ ഗ്രൂപ്പിലാണ് ആശങ്ക പങ്ക് വച്ചത്,
“KLDC കനാൽ ബണ്ടിൽ വിള്ളലുകളുണ്ട്, അതിൽ തടയാനുള്ള മണൽ ഭിത്തി കെട്ടണം”..
രാത്രിയിൽ തന്നെ വേണം, അത്രക്കപകട സ്ഥിതിയാണെന്നറിയിച്ചപ്പോൾ ശ്രമിക്കാമെന്നേറ്റു…
പ്രളയകാലത്തിനായി രൂപീകരിച്ച Flood Emergency ഗ്രൂപ്പിൽ ഒരു മെസേജിട്ടു,
ചാലക്കുടിയിൽ ജില്ലിനെയും, പുല്ലനെയും ഫോണിൽ വിളിച്ചു,
അവരും ആവേശത്തിൽ വരാമെന്നറിയിച്ചു..
Flood Emergency ഗ്രൂപ്പിൽ ഐക്യദാർഡ്യമറിയിച്ച് മുഷ്ടി ചുരുട്ടിയ കൈകൾ ഉയർന്ന് കൊണ്ടേയിരുന്നു…ഹരിപുരം പാലത്തിനടുത്തെത്തി,മണ്ണ് ചാക്കിൽ നിറക്കണം,മുളനാട്ടണം, പനമ്പ് ഇറക്കണം, 350 മീറ്ററോളം ദൂരത്തിലേക്ക് ചാക്കിൽ നിറച്ച മണ്ണെത്തിക്കണം,
ഒരാൾക്ക് നടക്കാവുന്ന വഴി, നല്ല വഴുക്കൽ, വലത് വശത്ത് നിയന്ത്രണമില്ലാതൊഴുകുന്ന കനാൽ, ഇടത് വശത്ത് വലിയ കുളം…2 ലൈഫ് ജാക്കറ്റ്, 2 ട്യൂബുകൾ സേഫ്റ്റിക്കായുള്ളതും ഇത്രമാത്രം..
മാളയിലെ, ചാലക്കുടിയിലെ, ഇരിങ്ങാലക്കുടയിലെ കൊടകരയിലെ ഉൾപ്പടെ 150ഓളം സഖാക്കളുടെ ജീവൻ വച്ചാണ് ഈ ദൗത്യത്തിനിറങ്ങുന്നത്..ഉള്ളിൽ അനൽപ്പമായ ആധി നിറഞ്ഞു, പുറത്ത് കാട്ടാതെ, ധൈര്യം നടിച്ച് ഇറങ്ങി…കനാലിന്റെ കരയിൽ മുളകൾ നാട്ടിയ സഖാക്കൾ എന്തൊരു കരുത്തായിരുന്നവർക്ക്…മണ്ണ് നിറച്ച ചാക്കുകളുമായി അർബാന ഉന്തിയ സഖാക്കൾ എന്ത് വേഗമായിരുന്നവർക്ക്,മണ്ണ് ചാക്കിൽ നിറച്ച സഖാക്കൾ എന്തൊരുത്സാഹമായിരുന്നവർക്ക്…രാത്രി പന്ത്രണ്ട് മണിയോടെ വിള്ളലുള്ള ഭാഗത്തെ ഒഴുക്കിനെ നിയന്ത്രിച്ചു..പരിശീലനം സിദ്ധിച്ച സേനകളേക്കാൾ വേഗതയിൽ അവരെങ്ങനെയാണീ തട കെട്ടിയത്…വെള്ളക്കെട്ടിനിടയിൽ വഴിയറിയാതെ പതറിയ ആംബുലൻസിന്റെ മുന്നിലോടി,ഇടയിൽ വീണും, അവിടെ നിന്നെഴുന്നേറ്റോടിയും വഴി കാട്ടിയ കുഞ്ഞില്ലേ..പ്രളയകാലത്തിന്റെ വിളക്കുമാടം…❤️🖤❤️ തന്റെ ലാഭം, തന്റെ പെരുന്നാൾ പ്രളയത്തിൽപ്പെട്ടവർക്കൊപ്പം നിൽക്കലാണെന്ന് നിസ്വാർത്ഥനായ നൗഷാദില്ലേ…
പ്രളയകാലത്തിന്റെ ഷിബി ചക്രവർത്തി…❤️🖤❤️കഴിഞ്ഞ വർഷം കച്ചവടത്തിനായി കൊണ്ടുവന്ന കരിമ്പടങ്ങളത്രയും ക്യാമ്പിൽ ദാനമായി നൽകിയ കേരളത്തിന് പുറമെ നിന്നെത്തിയ യുവാവില്ലേ…പ്രളയകാലത്തിന്റെ നന്മ മരം….❤️🖤❤️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടക്കാൻ പണമില്ലാതായപ്പോൾ സ്വന്തം സ്കൂട്ടർ വിറ്റ് ആ തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് സംഭാവനയേകിയ ചെറുപ്പക്കാരനില്ലേ..പ്രളയകാലത്തിന്റെ കണ്ണുകൾ….❤️🖤❤️അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മനുഷ്യർക്ക് മുന്നിൽ ഞങ്ങളൊന്നുമല്ലെന്ന ബോധം…❤️🖤❤️
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും രാഷ്ട്രീയം കാണുന്ന, ജാതിയും, മതവും കാണുന്ന, സംഭാവന നൽകരുതെന്ന് വിലക്കുന്ന,” കേരളത്തിനിപ്പോൾ സാമ്പത്തിക സഹായം ആവശ്യമില്ല ” എന്ന് പ്രതികരിക്കുന്ന കേന്ദ്ര മന്ത്രിയുൾപ്പടെയുള്ള വെറുപ്പിന്റെ, വിദ്വേഷത്തിന്റെ പ്രചാരകർക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന നിശ്ചയദാർഢ്യം…
അതാണ് ഒറ്റ രാത്രിയിൽ, ഒറ്റ മെസേജിൽ, ഒറ്റ ഫോൺ കോളിൽ സംഘടിച്ചെത്തിയ
യുവത ഒത്ത് ചേർന്ന് വിള്ളലടച്ചത്…
ഒരു പക്ഷേ KLDC കനാലിന്റെ ബണ്ടിൽ ചോർച്ചയുണ്ടാകാം, വിള്ളലുണ്ടാകാം,
അതിന്റെ പ്രയാണത്തിന്റെ അനസ്യൂതിയിൽ ഇനിയും വെള്ളം എങ്ങോട്ടെല്ലാമോ ഒഴുകി പരക്കുന്നുണ്ടാകാം…
എന്നാൽ ഞങ്ങളൊരു യുവത വിയർപ്പുതുള്ളികൾ മുങ്ങിമരിച്ച രാത്രിയിൽ സൈറൺ മുഴക്കിയെത്തുന്ന പ്രവാഹത്തിന്റെ മുന്നിലോടാൻ ശ്രമിച്ചിരുന്നു, ഇടയിൽ വീണിരുന്നു,
എന്നിട്ടുമതിന് വഴികാട്ടിയായി ഓടി കയറിയിരുന്നു..
ആ ഒരു രാത്രി പ്രളയകാലത്തിന്റെ ഓട്ടോഗ്രാഫിലെഴുതി വക്കട്ടെ…..”
Discussion about this post