കൊച്ചി; കഴിഞ്ഞ തവണ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കാന് സഹായിച്ച ആളോട് ഇത്തവണ രണ്ടുചാക്ക് അരി ചോദിച്ചതിന് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികനായ സന്തോഷ് ജോര്‍ജ്. കഴിഞ്ഞപ്രളയത്തില്‍ സഹായിച്ചവരില്‍ പലരും ഇന്ന് മടിച്ച് നില്ക്കുന്ന അവസ്ഥയാണ്.
അവശ്യ സാധനങ്ങള്‍ ക്യാമ്പുകളിലെത്തിക്കാന്‍ സംസ്ഥാനം മുഴുവന്‍ കളക്ഷന്‍ പൊയിന്റുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞതവണത്തേത് പോലെ ഇത്തവണ മഴക്കെടുതിയില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായുള്ള സഹായങ്ങള്‍ എത്താത്ത സ്ഥിതിയിലാണ്. ഇതിനിടെയാണ് തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ച് വൈദികനായ സന്തോഷ് ജോര്‍ജ് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ വര്‍ഷം ആറന്മുളക്കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ചു. മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ്. വീട്ടില്‍ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതില്‍ ഇപ്പോളും ഉണ്ട്..
രണ്ടു മണിക്കൂറിനുള്ളില്‍ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പില്‍ എത്തിച്ചു… ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാന്‍ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു…
ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം… അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല… ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം… നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി… എനിക്കതാ സന്തോഷം
Discussion about this post